ഉത്തര്‍പ്രദേശ്: ശ്മശാനത്തില്‍ നിന്നും മൃതദേഹം ദഹിപ്പിക്കുന്ന സ്ഥലങ്ങളില്‍ നിന്നും മരിച്ചവരുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് ഏഴ് പേര്‍ അറസ്റ്റിലായത്. രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗം വ്യാപിച്ചതോടെ മരണ സംഖ്യ ഉയരുമ്പോഴാണ് ഇത്തരത്തിലൊരു അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൃതദേഹം പുതപ്പിക്കാന്‍ ഉപയോഗിച്ച തുണികള്‍, അവരുടെ വസ്ത്രങ്ങള്‍, സാരികള്‍ തുടങ്ങിയവയാണ് ഇവര്‍ മോഷ്ടിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ടെടുത്ത വസ്തുക്കളില്‍ 520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 വൈറ്റ് സാരികള്‍, മറ്റ് വസ്ത്രങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ അലോക് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മോഷ്ടിച്ചെടുക്കുന്ന വസ്ത്രങ്ങള്‍ നന്നായി അലക്കി തേച്ച് ഗ്വാളിയര്‍ കമ്പനിയുടെ ലേബല്‍ ഉപയോഗിച്ച് വില്‍ക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പ്രദേശത്തെ ചില വസ്ത്ര വ്യാപാരികളുമായി ഇവര്‍ക്ക് കച്ചവടമുണ്ടായിരുന്നു. അറസ്റ്റിലായ ഏഴു പേരില്‍ മൂന്നുപേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്.
കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ മോഷ്ടിക്കുകയാണ്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലാണ് ഇവര്‍ അറസ്റ്റിലായത്. മോഷണമല്ലാതെ പകര്‍ച്ചവ്യാധി നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് അലോക് സിംഗ് പറഞ്ഞു.
Post Your Comments