ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് രോഗ മരണം നാലായിരം കടന്നിരിക്കുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 4187 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്.
ഇന്നലെ മാത്രം 4,01,228 പേർക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നിരിക്കുന്നത്. 22.7ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ അരലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.
12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലേറെപ്പേരും, ഏഴ് സംസ്ഥാനങ്ങളിൽ അര ലക്ഷത്തിലേറെപ്പേരും കോവിഡ് ചികിത്സയിലുണ്ട്. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിനു പുറമേ ഡൽഹി, ഹരിയാന ,ബിഹാർ , യുപി, ഒഡീഷ , രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments