KeralaLatest News

കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയില്‍ എത്തിച്ച സംഭവം, മൂന്നു നേരം വിഴുങ്ങാനുള്ള ക്യാപ്സൂൾ റെഡി എന്ന് ശ്രീജിത്ത് പണിക്കർ

സർക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോർട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലൻസിനു പിന്നിൽ ഉള്ളത്.

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലും നടപടികളിലും ഉത്തരനേന്ത്യന്‍ സംസ്ഥാനങ്ങളെ എപ്പോഴും കളിയാക്കുന്ന കേരള മാധ്യമങ്ങൾക്കും മലയാളികൾക്കുമുള്ള മറുപടിയായിരുന്നു കുറച്ചു മുൻപ് പുറത്തുവന്ന ഒരു വീഡിയോ. ആംബുലന്‍സ് ഇല്ലാത്തതിനാല്‍ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിക്കുന്നതാണ് വീഡിയോയില്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആരോഗ്യവകുപ്പിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

ഈ സംഭവത്തില്‍ സര്‍ക്കാരിനെ ട്രോളി സാമൂഹിക നിരീക്ഷകൻ ശ്രീജിത് പണിക്കര്‍ രംഗത്തെത്തി. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: ആംബുലൻസ് ഇല്ലാത്തതിനാൽ സർക്കാർ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററിൽ നിന്നും ബൈക്കിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചെന്ന വാർത്ത കണ്ടു. സർക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോർട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലൻസിനു പിന്നിൽ ഉള്ളത്.

[1] ആംബുലൻസ് അടച്ചിട്ട വാഹനമാണ്. അതിൽ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാൽ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്സിജൻ സിലിണ്ടർ ക്ഷാമം ഉള്ളപ്പോൾ. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്സിജൻ വലിച്ചു കയറ്റാം.

[2] നിലവിളിശബ്ദം ഇട്ടാലും ആംബുലൻസ് ആയാൽ മാർഗ്ഗമധ്യേ തടസ്സങ്ങൾ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയിൽ എത്തും.

[3] ഓടിക്കുന്ന ആളിനും പിന്നിൽ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാൽ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയിൽ ജാം തേച്ചത് സങ്കല്പിക്കുക.

[4] വർധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതൽ ലാഭകരം. മെയിന്റനൻസ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതൽ വാഹന ലഭ്യത. പാർക്കിങ് സൗകര്യം. എമർജൻസി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോൺ പാളിയിലെ വിള്ളൽ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.

[5] ഏറ്റവും പ്രധാനം. ആംബുലൻസിൽ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ബൈക്കിൽ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.
ബഹുമാനിക്കാൻ പഠിക്കെടോ.
(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്സൂൾ ?)

shortlink

Related Articles

Post Your Comments

Related Articles


Back to top button