ന്യൂഡൽഹി : ബ്രിട്ടനിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ കഴിഞ്ഞ വാരാന്ത്യത്തിൽ 600,000 പൗണ്ടാണ് ഇന്ത്യയ്ക്കായി (830,000 ഡോളർ) സമാഹരിച്ചത് . സൈക്കിൾ ചലഞ്ച് വഴിയാണ് അവർ ഇതിനായി പണം കണ്ടെത്തിയത്.
“ഇന്ത്യൻ വംശജരായ ഓരോ വ്യക്തിക്കും രോഗം പിടിപെടുമ്പോൾ അത് ഇവിടെയുള്ള ആരെയെങ്കിലുമൊക്കെ പരോക്ഷമായി ബാധിക്കുമെന്ന് ഞങ്ങൾ കരുതുന്നു,” ഇന്ത്യയെ സഹായിക്കാനുള്ള കാരണമായി അവർ പറയുന്നു .
നീസ്‌ഡെനിലെ ഹിന്ദു ക്ഷേത്രത്തിലെ അംഗങ്ങളാണ് സൈക്കിൾ ചലഞ്ച് ആസൂത്രണം ചെയ്തത് . ലണ്ടനെയും ന്യൂഡൽഹിയെയും തമ്മിൽ അടുപ്പിക്കാനാണ് യാത്രാ മത്സരം തന്നെ തെരഞ്ഞെടുത്തത് . ലണ്ടനിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിൽ നിന്നാണ് സൈക്കിൾ ചലഞ്ച് ആരംഭിച്ചത് .12 ബൈക്കുകളാണ് ഇതിനായി ക്ഷേത്രത്തിന് മുന്നിൽ ഒരുക്കിയത് . 750 ലേറെ പേരാണ് സൈക്കിൾ ചലഞ്ചിൽ പങ്കെടുക്കാൻ ലീസസ്റ്ററിലെയും ചിഗ്‌വെല്ലിലെയും ക്ഷേത്രങ്ങളിൽ ഒത്തു ചേർന്നത്. ലണ്ടനിലെ നീസ്‌ഡെൻ പരിസരത്തെ ശ്രീ സ്വാമിനാരായൺ മന്ദിറിലെ ഈ മത്സരം യു.കെ.യിൽ നടക്കുന്ന നിരവധി ധനസമാഹരണ യജ്ഞങ്ങളിൽ ഒന്നാണ്.
അമേരിക്കയിലെ ജോർജിയയിലെ ബ്ലൂമിംഗ്ഡെയ്‌ലിലുള്ള ശ്രീ രാധേ ശ്യാം ക്ഷേത്രം എസ്‌ജിവിപി ഗുരുകുൽ യുഎസ്‌എയുമായി ചേർന്നാണ് ഇന്ത്യയ്ക്കായി ധനശേഖരണം നടത്തുന്നത് . അഹമ്മദാബാദിലെ എസ്‌ജിവിപി ഹോളിസ്റ്റിക് ഹോസ്പിറ്റലിലേക്കാണ് ഇവർ സംഭാവന നൽകുന്നതെന്ന് . എസ്‌ജിവിപി ഗുരുകുൽ സന്നദ്ധപ്രവർത്തകനായ പീയൂഷ് ഷാ പറഞ്ഞു.
എസ്‌ജിവിപി ഹോളിസ്റ്റിക് ഹോസ്പിറ്റൽ ഒരു ദിവസം 120 ഓളം കൊറോണ രോഗികൾക്ക് ചികിത്സ നൽകുന്നുണ്ട് . അവരെല്ലാം കഴിഞ്ഞ ഏതാനും മാസങ്ങളായി 6,000 രോഗികൾക്ക് ആശുപത്രി ചികിത്സ നൽകി. 98 ശതമാനത്തിലധികം പേരും രോഗമുക്തി നേടി . ആധുനിക വൈദ്യശാസ്ത്രം, പുരാതന ആയുർവേദ മരുന്ന്, യോഗ എന്നിവയുടെ സംയോജനമാണ് ഈ ചികിത്സയുടെ വിജയം . ഓക്സിജൻ കോൺസെൻട്രേറ്ററുകളും, വെന്റിലേറ്ററുകളും കൂടുതൽ മെഡിക്കൽ ഉപകരണങ്ങളും ആശുപത്രിയിലേക്ക് നൽകാനാണ് ശ്രീ രാധേ ശ്യാം ക്ഷേത്രം ശ്രമിക്കുന്നത്.
യുഎഇയിലെ ഇന്ത്യക്കാരുടെ പിന്തുണയോടെ, അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ ഓക്സിജൻ ടാങ്കുകളും, സിലിണ്ടറുകളുമാണ് ഇന്ത്യയിലേക്ക് അയക്കാൻ ശ്രമിക്കുന്നത്. പ്രതിമാസം 440 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഇന്ത്യയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത് .
ദിവസങ്ങൾക്ക് മുൻപ് ബാങ്കോക്കിലെ പുരാതന ഹിന്ദു സമാജ് ദേവ് ക്ഷേത്രവും ഇന്ത്യയ്ക്കായി ഓക്സിജൻ മാസ്കുകളും , ഓക്സിജൻ കോൺസെൻട്രേറ്ററുകളും അയച്ചിരുന്നു. ഇന്ത്യൻ എംബസിയുമായും റോയൽ തായ് എയർഫോഴ്‌സുമായും ചേർന്നാണ് 100 വർഷം പഴക്കമുള്ള ഈ ഹിന്ദു ക്ഷേത്രം സേവന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
Post Your Comments