രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ എങ്ങനെ പണമുണ്ടാക്കാം എന്ന ചിന്താഗതിയിലാണ് ചില വ്യാപാരികൾ. വൃത്തിഹീനമായ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ സ്വാബ് ശേഖരണത്തിനുള്ള കിറ്റുകൾ ഒരുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഇത് ഗുരുതരമായ വീഴ്ച്ചയാണെന്നും അപകടകരമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഉൽഹാസ് നഗർ ചേരിയിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ കിറ്റുകൾ തയാറാക്കുന്നത് കണ്ടെത്തിയത്. മാസ്കോ കൈയ്യുറകളോ ധരിക്കാതെയും സാമൂഹി അകലം പാലിക്കാതെയും തറയിൽ കൂട്ടിയിട്ടാണ് കുട്ടികളും സ്ത്രീകളും ചേർന്ന് സ്വാബ് ടെസ്റ്റിനും ആർ.ടി.പി.സി ആറിനുമുള്ള കിറ്റുകൾ തയാറാക്കുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ഖുമാനി ചേരിയിലെ നിരവധി വീടുകളിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും, മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് റെയ്ഡ് നടത്തി.
കഴിഞ്ഞ വർഷം മുതൽ ഈ പ്രദേശത്തെ ചേരികളിലെ നിരവധി കുടുംബങ്ങൾ കിറ്റുകൾ പാക്ക് ചെയ്യുന്ന ജോലിയിൽ സജീവമാണ്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കിറ്റുകൾ പായ്ക്ക് ചെയ്യുന്നത്. ഇത് മറ്റുള്ളവർക്കും അപകടമുണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. അതെ സമയം കിറ്റുകളുടെ കരാർ എടുത്ത മഹേഷ് കേശ്വാനിക്കെതിരെ പൊലീസ് കേസെടുത്തു.
Post Your Comments