Latest NewsIndiaNews

ചന്ദന ബൗരി; രാജ്യത്തെ ഏറ്റവും നിർധന സ്ഥാനാർത്ഥി ബി.ജെ.പി പ്രതിനിധിയായി ബംഗാൾ നിയമസഭയിലേക്ക്

പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ കഴിഞ്ഞ വർഷം ആദ്യ ഗഡു 60,000 രൂപ ലഭിച്ചു, രണ്ട് കോൺക്രീറ്റ് മുറികളുള്ള വീടിന്റെ നിർമ്മാണം നടക്കുകയാണെന്നും ചന്ദന പറയുന്നു

രാജ്യത്തെ ഏറ്റവും നിർധനയായ സ്ഥാനാർത്ഥി എന്ന പേരിന് അർഹയായ ചന്ദന ബൗരി ബി.ജെ.പി പ്രതിനിധിയായി ബംഗാളിന്റെ നിയമസഭയിലേക്ക്. ചന്ദന ബൗരി ബങ്കുറ ജില്ലയിലെ സാൽട്ടോര മണ്ഡലത്തിൽ നിന്ന് 4145 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിരാളിയായ തൃണമൂൽ സ്ഥാനാർത്ഥി സന്തോഷ് കുമാർ മണ്ഡലിനെ പരാജയപ്പെടുത്തിയത്.

ബി.ജെ.പി സ്ഥാനാർത്ഥിയായ ചന്ദനയ്ക്കായി നടനും ബി.ജെപി നേതാവുമായ മിഥുൻ ചക്രവർത്തിയടക്കം പ്രചാരണത്തിനെത്തിയിരുന്നു. പ്രതിദിനം 400 രൂപ ശമ്പളം കിട്ടുന്ന കൂലിത്തൊഴിലാളിയാണ് ചന്ദനയുടെ ഭർത്താവ്. മൂന്ന് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. മറ്റ് നിർധനരായ ഗ്രാമവാസികളെപ്പോലെ മൺകുടിലിലാണ് അഞ്ചംഗ കുടുംബത്തിന്റെയും താമസം .

‘ബിജെപി എല്ലാവരുടേയും പാർട്ടിയാണ്, ധനികനെന്നോ ദരിദ്രനെന്നോ തമ്മിൽ വ്യത്യാസമില്ല. പാർട്ടി എന്നെ പോലെ പാവപ്പെട്ട സ്ത്രീക്ക് അംഗീകാരം നൽകി, എന്നെ ആദരവോടെ സ്വീകരിച്ചതിന് ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും’ ചന്ദന വ്യക്തമാക്കി.

ഒരു മൺ കുടിൽ, മൂന്ന് ആടുകൾ, മൂന്ന് പശുക്കൾ, 31,985 രൂപ. ബി.ജെ.പി സ്ഥാനാർത്ഥിയാകുമ്പോൾ ചന്ദന ബൗരിയുടെ ആകെയുള്ള സമ്പാദ്യം ഇത് മാത്രമാണ്. പ്രധാന മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നിർമ്മിക്കാൻ കഴിഞ്ഞ വർഷം ആദ്യ ഗഡു 60,000 രൂപ ലഭിച്ചു, രണ്ട് കോൺക്രീറ്റ് മുറികളുള്ള വീടിന്റെ നിർമ്മാണം നടക്കുകയാണെന്നും ചന്ദന പറയുന്നു.

 

shortlink

Post Your Comments


Back to top button