തിരുവനന്തപുരം: കൊവിഡ്-19 ൽ നാടും നഗരവും ബുദ്ധിമുട്ടുമ്പോൾ പകൽക്കൊള്ള നടത്തി ലാബുകൾ. ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് കുറച്ചതായുള്ള സർക്കാർ ഉത്തരവ് കിട്ടിയിട്ടില്ലെന്നും അത് കിട്ടുന്നത് വരെ നേരത്തെയുള്ള നിരക്ക് തന്നെയാകും ഈടാക്കുക എന്നും സംസ്ഥാനത്തെ സ്വകാര്യ ലാബുകൾ വ്യക്തമാക്കുന്നു. സർക്കാർ ഉത്തരവ് കിട്ടിയ ശേഷം കുറഞ്ഞ നിരക്ക് പ്രാബല്യത്തിലാക്കുമെന്നാണ് സ്വകാര്യ ലാബുകൾ വ്യക്തമാക്കുന്നത്.
സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ, അറിയിപ്പ് വന്ന് മണിക്കൂർ ഇത്രയും കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച ഉത്തരവ് സ്വകാര്യ ലാബുകൾക്ക് അയയ്ക്കാനോ അറിയിക്കാനോ സർക്കാർ തയ്യാറായിട്ടില്ല. ഉത്തരവ് വൈകിപ്പിക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
Also Read:ജൂലായ് ഓഗസ്റ്റ് മാസത്തിൽ കോവിഡിന്റെ മൂന്നാ തരംഗം; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി
ഉത്തരവ് വൈകുന്നതിനെതിരെ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവ് പുറത്തിറക്കി ജനങ്ങളെ പകൽകൊള്ളയിൽ നിന്ന് രക്ഷിക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. അതേസമയം, സർക്കാർ ആശുപത്രികളിൽ സൗജന്യമായി ആണ് ടെസ്റ്റ് നടത്തുന്നത്.
Post Your Comments