ലക്നൗ: ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കോവിഡ് മുക്തനാണെന്ന് യുപി സർക്കാറിന്റെ റിപ്പോർട്ട്. കാപ്പനെ മധുര ജയിലിലേക്ക് മാറ്റി. കാപ്പന്റെ ആരോഗ്യ നിലയെ സംബന്ധിച്ച് യുപി സർക്കാർ സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് കാപ്പൻ കോവിഡ് മുക്തനാണെന്ന് വ്യക്തമാക്കിയത്. കാപ്പന് മുറിവേറ്റിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാത്രിയാണ് സിദ്ധിഖ് കാപ്പനെ ആശുപത്രിയിൽ നിന്ന് മധുര ജയിലിലേക്ക് കൊണ്ടുപോയത്.
യുപി സർക്കാരിന്റെ സ്പെഷ്യൽ സെക്രട്ടറി പ്രശാന്ത് കുമാർ ആണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കാപ്പനെ ജയിലിലോ ആശുപത്രിയിലോ ചങ്ങലക്കിട്ടിരുന്നുവെന്ന ആരോപണം യുപി സർക്കാർ നിഷേധിച്ചു. മാത്രമല്ല, കാപ്പനു ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയെയും സർക്കാർ റിപ്പോർട്ട് ചോദ്യം ചെയ്യുകയാണ്. യുപിയിലേക്ക് കാപ്പൻ പോയത് ഏത് സംഘടനയ്ക്ക് വേണ്ടിയാണോ അവർക്കായുള്ള നിഴൽ യുദ്ധമാണ് പത്രപ്രവർത്തക യൂണിയൻ നടത്തുന്നതെന്നും യുപി സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒക്ടോബർ 5 നാണ് ഹാഥ്റസ് പീഡനക്കേസ് റിപ്പോർട്ട് ചെയ്യാനായി കാപ്പൻ യു പിയിൽ എത്തിയത്. മധുരയിലെ മാന്ദ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ പിന്നീട് യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തി. ഹാഥ്റസ് കൊലപാതകത്തെ തുടര്‍ന്ന് ജാതി സ്പര്‍ദ്ധ വളര്‍ത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.
Post Your Comments