തിരുവനന്തപുരം: എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 18 നും 45 നും ഇടയിലുള്ളവർക്ക് രണ്ട് ഡോസ് വാക്‌സിൻ സൗജന്യമായി തന്നെ നൽകാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം ഒരു കോടി ഡോസ് വാക്‌സിൻ വില കൊടുത്ത് വാങ്ങാൻ തീരുമാനിച്ചു. വാക്‌സിൻ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓർഡർ കൊടുക്കുക. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 70 ലക്ഷം ഡോസ് വാങ്ങാൻ 294 കോടി ചെലവാകും. 400 രൂപയാണ് ഡോസിന് അവർ ഈടാക്കുന്ന വില. പുറമെ അഞ്ച് ശതമാനം ജിഎസ്ടിയും വരും. ഭാരത് ബയോടെകിൽ നിന്ന് 600 രൂപ നിരക്കിൽ ജിഎസ്ടിയടക്കം 30 ലക്ഷം വാങ്ങാൻ 189 കോടി രൂപ ചെലവ് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിൻ ആഗ്രഹിക്കുന്നതു പോലെ കേരളത്തിന് ലഭിക്കുന്നില്ല. കേന്ദ്രമാണ് ഇപ്പോൾ വാക്‌സിൻ നൽകേണ്ടത്. അത് ആവശ്യത്തിന് ഉതകുന്ന പോലെയല്ല. ഉള്ളത് വെച്ചേ വാക്‌സിൻ നൽകാനാവൂ. നേരത്തെ വാക്‌സിൻ എടുത്തവരുണ്ട്. അവരുടെ രണ്ടാം ഡോസ് സമയത്ത് നൽകുക എന്നത് പ്രധാനമാണ്. രണ്ടാമത്തെ ഡോസ് നൽകാനുള്ള കരുതൽ കൈയ്യിൽ വേണം. ആ രീതിയിൽ വാക്‌സിൻ ക്രമീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: BREAKING : സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു; കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി
Post Your Comments