സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ തീയറ്ററുകൾ തുറക്കണോ വേണ്ടയോ എന്ന് ഉടമകൾക്ക് തീരുമാനിക്കാമെന്ന് തിയറ്ററുമടകളുടെ സംഘടനയായ ഫിയോക് . കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് സംഘടനയുടെ തീരുമാനം.
ഒന്നുകിൽ തീയറ്ററുകൾ നിയന്ത്രണങ്ങളോടെ തുറക്കാം, ഏഴ് മണി വരെ പ്രദർശനം നടത്തി അടയ്ക്കാം. അതല്ലെങ്കിൽ അടച്ചിടാം, ഇത് തീയറ്ററുടമകൾ തന്നെ തീരുമാനിക്കട്ടെയെന്നാണ് ഫിയോക് അറിയിച്ചിരിക്കുന്നത്.
അതേസമയം, നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ മരക്കാർ – അറബിക്കടലിന്‍റെ സിംഹം എന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചേക്കും. മെയ് 13-നാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. പുതിയ നിയന്ത്രണങ്ങൾ തുടർന്നാൽ റിലീസ് നീട്ടി വയ്ക്കുമെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ വ്യക്തമാക്കിയിട്ടുണ്ട്.
ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്‍റെ റിലീസും നിയന്ത്രണങ്ങൾ തുടർന്നാൽ മാറ്റുമെന്ന് നിർമാതാവ് ആന്‍റോ ജോസഫ് പറഞ്ഞു. നിലവിൽ മെയ്-13 ന് തന്നെയാണ് മാലിക്കും റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.
Post Your Comments