കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ആശങ്ക ഉയർത്തി ഡോക്ടർമാർക്കിടയിലെ രോഗവ്യാപനം. ഇന്ന് മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൾമണറി വിഭാഗത്തിലെയും സർജറി വിഭാഗത്തിലെയും ഡോക്ടർമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
15 ദിവസത്തിനിടെ 40 ആരോഗ്യ പ്രവർത്തകർക്കാണ് കോട്ടയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. കുതിച്ചുയരുന്ന കോവിഡ് ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. അതേസമയം, കോട്ടയം ജില്ലയിൽ ഇന്ന് 973 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 961 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 12 പേർ രോഗബാധിതരായി. പുതിയതായി 5194 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 18.73 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
പുതുതായി രോഗം ബാധിച്ചവരിൽ 482 പുരുഷൻമാരും 390 സ്ത്രീകളും 101 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 157 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
272 പേർ രോഗമുക്തരായി. 7932 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 92,308 പേർ കോവിഡ് ബാധിതരായി. 85,811 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 16,519 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
Post Your Comments