KeralaLatest NewsNews

‘തൃപ്പൂണിത്തുറയില്‍ സിപിഎം തോല്‍വി സമ്മതിക്കുന്നു’; ബിജെപി പിടിച്ച നിഷ്പക്ഷ വോട്ടുകള്‍ തിരിച്ചുവരുമെന്ന് കെ ബാബു

തൃപ്പുണിത്തുറയില്‍ യുഡിഎഫ് ബിജെപിക്ക് വോട്ടുമറിച്ചെന്ന സിപിഐഎം കമ്മിറ്റി റിപ്പോര്‍ട്ട് തോല്‍വി സമ്മതിക്കലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു. തെരഞ്ഞെടുപ്പിന്റെ തുടക്കഘട്ടം മുതല്‍ തന്നെ യുഡിഎഫ്- ബിജെപി ബന്ധം ആരോപിച്ചിരുന്നത് ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാനുള്ള സിപിഎമ്മിന്റെ കുടിലതന്ത്രമായിരുന്നു എന്നും കെ ബാബു ആരോപിച്ചു. .

കെ ബാബുവിന്റെ വാക്കുകൾ ഇങ്ങനെ :

” തൃപ്പൂണിത്തുറയിൽ ബി ജെ പി വോട്ട് ലഭിക്കുവാനുള്ള പ്രാദേശിക ഇടപെടൽ യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ” തോൽവി സമ്മതിക്കലാണ്. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ യു ഡി എഫ് – ബി ജെ പി ബന്ധം ആരോപിച്ചത് ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കുവാനുള്ള സി പി എമ്മിന്റെ കുടിലതന്ത്രമായിരുന്നു.

2016 ലെ തിരഞ്ഞെടുപ്പിൽ 29800ലധികം വോട്ട് ബിജെപി നേടിയതാണ് യു ഡി എഫിന്റെ തോൽവിക്കും സിപിഐഎമ്മിന്റെ വിജയത്തിനും നിദാനം. പ്രൊഫസർ തുറവൂർ വിശ്വംഭരന്റെ സ്ഥാനാർത്ഥിത്വവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രചാരണ യോഗവും ബിഡിജെഎസ് സഖ്യവുമാണ് ബിജെപിക്ക് 29800ലധികം വോട്ടുകൾ നേടിക്കൊടുത്തത് ബിജെപിക്ക് തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ പതിനയ്യായിരത്തിൽ കൂടുതൽ അടിസ്ഥാന വോട്ടുകൾ ഇല്ല. ആ സാഹചര്യങ്ങളൊന്നും നിയോജക മണ്ഡലത്തിൽ ഈ തിരഞ്ഞെടുപ്പിൽ ശക്തമായിരുന്നില്ല. നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പും വിശ്വാസ പ്രശ്നത്തിൽ സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയും സ്വീകരിച്ച നിലപാടും ജനങ്ങൾക്ക് എംഎൽഎ അപ്രാപ്യൻ ആണെന്നുള്ള പ്രശ്നവും ഈ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയമായിരുന്നു.

ബിജെപിക്ക് 2016 ലഭിച്ച നിഷ്പക്ഷ വോട്ടുകൾ മുൻകാലങ്ങളിൽ തനിക്ക് ലഭിച്ചുകൊണ്ടിരുന്നതാണ് ആ വോട്ടുകൾ യുഡിഎഫിലേക്ക് തിരിച്ചുവരുമെന്ന വിലയിരുത്തലാണ് യുഡിഎഫ്ന്റെ വിജയസാധ്യതക്ക് അടിസ്ഥാനം. ബിജെപി കൂടുതൽ വോട്ടുകൾ പിടിക്കുന്നതിലൂടെ വിജയം സ്വപ്നം കണ്ടിരുന്ന സിപിഎം ഇന്ന് തികച്ചും നിരാശരാണ്. തൃപ്പൂണിത്തുറയിൽ ബിജെപി – യുഡിഎഫ് ബന്ധം ആരോപിക്കുന്നത് തോൽവി ഉറപ്പായ സാഹചര്യത്തിൽ മുൻകൂർ ജാമ്യം എടുക്കൽ മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button