കൊൽക്കത്ത: പശ്ചിമബംഗാളിൽ ആദ്യമണിക്കൂറുകളിൽ തന്നെ നല്ല പോളിംഗ്. വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറിൽ രേഖപ്പെടുത്തിയത് 5.6 ശതമാനം പോളിംഗാണ്. അതേസമയം,പശ്ചിമബംഗാളിലെ നാദിയ, 24 നോർത്ത് പർഗാനാസ് എന്നീ ജില്ലകളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 45 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. 1.3 കോടി വോട്ടർമാർ പോളിംഗ് ബൂത്തിലെത്തും.
എന്നാൽ സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിൽ വേണം വോട്ടെടുപ്പ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം. ആർഎസ്പി നേതാവും സ്ഥാനാർത്ഥിയുമായ പ്രദീപ് കുമാർ നന്ദി കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചിരുന്നു. സിലിഗുഡി മേയറും ഇടത് നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രി ബ്രാത്യ ബസു, ബിജെപി നേതാവ് സമീക് ഭട്ടാചാര്യ എന്നിവരടക്കം ഇന്ന് ജനവിധി തേടുന്നു. ഡാർജിലിംഗ്, കലിംപോങ്, ജയ്പായിഗുഡി, നദിയ, കിഴക്കൻ ബർദ്ധമാൻ, നോർത്ത് 24 പർഗാനാസ് എന്നീ ആറു ജില്ലകളിലെ മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.
Read Also: ലക്‌നൗവിൽ 600 കിടക്കകളുള്ള കോവിഡ് ആശുപത്രി നിർമ്മിക്കും; മാതൃകയായി ഡിആർഡിഒ
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും ഈ മണ്ഡലങ്ങളിൽ ഒപ്പത്തിനൊപ്പമായിരുന്നു. ഈ സാഹചര്യത്തിൽ തൃണമൂലിന് ഈ ഘട്ടം പ്രധാനമാണ്. പ്രചാരണ സമയം രാവിലെ പത്തു മുതൽ വൈകിട്ട് ഏഴുവരെയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ കുറച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും അമിത് ഷായും ഇന്ന് സംസ്ഥാനത്ത് പ്രചാരണത്തിന് എത്തും. നാലാം ഘട്ടത്തിൽ കേന്ദ്രസേനയുടെ വെടിവയ്പിൽ നാലുപേർ മരിച്ച സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
Post Your Comments