Latest NewsIndia

വിവേകിന്റെ ഭൌതിക ശരീരം വീട്ടിൽ എത്തിച്ചു : കണ്ണീർ പ്രണാമങ്ങളുമായി തമിഴ് നാട്

ഗുരുതര ഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു.

ചെന്നൈ: തമിഴ് നടൻ വിവേകിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടി തരിച്ചു തമിഴകം. നിരവധി പേരാണ് വിവരമറിഞ്ഞു വിവേകിന്റെ വിവേക് എന്ന വസതിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭൌതിക ശരീരം ഇപ്പോൾ വീട്ടിൽ എത്തിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്നലെ വാടാപളനിയിലെ സിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതര ഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. വിവേകിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു ഇന്നലെ രാത്രി വന്ന മെഡിക്കല്‍ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നത്.

അവിടെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം യന്ത്രങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്നു പുലര്‍ച്ചെ 4.35നാണ് അന്ത്യം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് 59 കാരനായ നടനെ വെള്ളിയാഴ്ച രാവിലെ 11 ഓടെ അബോധാവസ്ഥയില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. പൊതുജനാരോഗ്യ സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി വ്യാഴാഴ്ച നടനെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വിവേകും സുഹൃത്തുക്കളും ചേര്‍ന്ന് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചിരുന്നു.

എല്ലാവരും വാക്‌സീന്‍ സ്വീകരിക്കണമെന്നും നടന്‍ ആഹ്വാനം ചെയ്തിരുന്നു. അതേസമയം കോവിഡ് വാക്സിൻ സ്വീകരിച്ചതിനും വിവേകിന്റെ ഹൃദയാഘാതത്തിനും തമ്മിൽ ബന്ധമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വിവേകിന്റെ ഹൃദയ ധമനികളിൽ വലിയ രീതിയിൽ ബ്ളോക് ഉണ്ടായിരുന്നതായും ഇത് ആഞ്ജിയോ പ്ലാസ്റ്റി മൂലം നീക്കം ചെയ്‌തെങ്കിലും തലച്ചോറിലേക്കുള്ള രക്ത ധമനികൾ ഓക്സിജൻ എത്തിക്കാൻ കഴിയാത്തതിനാലും അദ്ദേഹം ഇന്നലെ തന്നെ മസ്തിഷ്കാഘാതവും നേരിട്ടതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വീട്ടിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ ബോധരഹിതനായിരുന്നു. പിന്നീട് ബോധം തന്നെ തിരിച്ചു വന്നില്ല എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980 കളില്‍ മുതിര്‍ന്ന സംവിധായകന്‍ കെ ബാലചന്ദറിനൊപ്പം അസിസ്റ്റന്റ് ഡയറക്ടര്‍ കം സ്‌ക്രിപ്റ്റ് റൈറ്ററായി ചലച്ചിത്ര ജീവിതം ആരംഭിച്ചു. ടൈമിംഗ് സെന്‍സിലും കോമഡിയിലും ആകൃഷ്ടനായ ബാലചന്ദര്‍ 1987 ല്‍ തമിഴ് ചിത്രമായ ‘മനത്തില്‍ ഉറുദി വെന്‍ഡം’ എന്ന സിനിമയില്‍ വിവേക്കിന് ഒരു ചെറിയ വേഷം വാഗ്ദാനം ചെയ്തു.

read also: BREAKING- പ്രശസ്ത നടൻ വിവേക് അന്തരിച്ചു

സംവിധായകന്‍ വിവേകിനെ തന്റെ അടുത്ത ചിത്രമായ ‘പുട്ടു പുത്ത അര്‍ത്ഥങ്കല്‍’ ലും അവതരിപ്പിച്ചു. ഈ സിനിമയില്‍ ഒരു ഹാസ്യനടന്‍ എന്ന നിലയില്‍ വിവേക് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.90 കളുടെ അവസാനം മുതല്‍ അദ്ദേഹത്തിന്റെ കരിയര്‍ അഭിവൃദ്ധി പ്രാപിക്കുകയും അടുത്ത രണ്ട് ദശകക്കാലം സ്ഥിരമായി തുടരുകയും ചെയ്തു.

മൂര്‍ച്ചയുള്ള നാവ്, സമയബോധം, മറ്റുള്ളവരെ അനുകരിക്കാനുള്ള കഴിവ് എന്നിവയ്ക്ക് അദ്ദേഹം പ്രശസ്തനായിരുന്നു. രണ്ട് മക്കളാണ് വിവേകിനുള്ളത്. ഏക മകന്‍ ഡെങ്കു ബാധിച്ച്‌ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് വിവേകിന്റെ സംസ്കാരം നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button