COVID 19Latest NewsIndia

രണ്ടു തവണ ജനിതകമാറ്റം വന്ന കോവിഡ്‌ വൈറസ്‌ , ബി.1.617 അപകടകാരി, ഇത് സ്ഥിരീകരിച്ച സംസ്ഥാനങ്ങൾ ഇവ

യു.കെ, യു.എസ്‌.എ, സിംഗപ്പുര്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ബി.1.617 പടര്‍ന്നുപിടിക്കുന്നുണ്ട്‌.

മുംബൈ: രണ്ടു തവണ ജനിതകമാറ്റം വന്ന കോവിഡ്‌ വൈറസ്‌ ബി.1.617 കൂടുതൽ അപകടകാരിയാകുന്നു. ഇ-484ക്യു,എല്‍-452 ആര്‍. എന്നീ സങ്കര വകഭേദങ്ങളോടെയുള്ള ബി.1.617 ഇന്ത്യയില്‍ എത്ര സംസ്‌ഥാനങ്ങളിലുണ്ട്‌ എന്നുപോലും ഇതുവരെ വ്യക്‌തമല്ല. കോവിഡ്‌ വന്‍തോതില്‍ പിടിമുറുക്കിയ മഹാരാഷ്‌ട്ര, ഡല്‍ഹി, പഞ്ചാബ്‌ എന്നിവയടക്കം അഞ്ച്‌ സംസ്‌ഥാനങ്ങളില്‍ ബി.1.617 നേരത്തെ തന്നെ സ്‌ഥിരീകരിച്ചിരുന്നു.

യു.കെ, യു.എസ്‌.എ, സിംഗപ്പുര്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ബി.1.617 പടര്‍ന്നുപിടിക്കുന്നുണ്ട്‌. ഇ-484ക്യു,എല്‍-452 ആര്‍. ജനിതക വകഭേദങ്ങള്‍ നേരത്തെ വ്യാപകമായുണ്ടായിരുന്നു. ഇവ ചേര്‍ന്നുള്ള പുതിയ സങ്കര വ്യതിയാനമായതുകൊണ്ടുതന്നെ ബി.1.617- ന്റെ രോഗസാധ്യതയും വ്യാപനനിരക്കും അപകടസാധ്യതയും ഭയപ്പെടുത്തുന്നതാണ്‌.
രണ്ടു തവണ ജനിതകമാറ്റം വന്ന കോവിഡ്‌ വൈറസിന്റെ സാന്നിധ്യം മഹാരാഷ്‌ട്രയില്‍ 20 ശതമാനം രോഗികളിലാണു കണ്ടെത്തിയിട്ടുള്ളത്‌.

വൈകാതെ ഇവ ഭീഷണിയാകാനുള്ള സാധ്യത ഗവേഷകര്‍ പ്രവചിക്കുന്നുണ്ട്‌. ബി.1.617 വൈറസിന്‌ രണ്ടു വ്യത്യസ്‌ത സ്‌പൈക്ക്‌ പ്രോട്ടീന്‍ ഘടനയാണുള്ളത്‌. വൈറസുകളെ മനുഷ്യ കോശങ്ങളിലേക്കു പറ്റിപ്പിടിച്ചു കയറ്റുന്നതും അവയവങ്ങളിലേക്കു കടത്തിവിടുന്നതും ഈ സ്‌പൈക്കുകളാണ്‌. സാധാരണ കോവിഡ്‌-19 വൈറസിന്‌ ഒരു തരത്തിലുള്ള സ്‌പൈക്ക്‌ മാത്രമുള്ളപ്പോള്‍ ബി.1.617-ന്‌ രണ്ടുതരം സ്‌പൈക്കുകളുണ്ടെന്നതുതന്നെ അപകടം വര്‍ധിപ്പിക്കുന്നു.

വാക്‌സിന്‍ എടുത്തവര്‍ക്കു രോഗം വരുന്നതും രണ്ടാം തവണയും വരുന്നതുമൊക്കെയാണ്‌ ബി.1.617-നെ ശരിക്കും വില്ലനാക്കുന്നത്‌. ബി.1.617 വൈറസാണോ ഇന്ത്യയില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ത്തുന്നതിനു പിന്നിലെന്ന്‌ ഉറപ്പിക്കാനാകില്ലെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. പക്ഷേ, രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്‌ ഗൗരവത്തോടെ കാണണമെന്നാണു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്‌.

വ്യാപനശേഷി കൂടുതലാണെങ്കിലും ബി.1.617 കോവിഡ്‌ വാക്‌സിനെ മറികടക്കില്ലെന്നാണു ഗവേഷകരുടെ പ്രതീക്ഷ. ജനിതക മാറ്റത്തിലൂടെ വൈറസിന്റെ പ്രവര്‍ത്തനരീതി പൂര്‍ണമായി മാറിയാല്‍ മാത്രമേ ആശങ്കയ്‌ക്കു വകയുള്ളൂ. ബി.1.617ല്‍ അത്ര വലിയ മാറ്റമൊന്നും തിരിച്ചറിഞ്ഞിട്ടില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button