എഴുപതുകാരനുമായുള്ള വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത് ഇരുപത്തിയൊന്നുകാരി. ഷാർജയിലെ മുവെയ്‌ലിഹ് പ്രദേശത്തെ ഒരു ഏഷ്യൻ കുടുംബത്തിലെ പെൺകുട്ടിയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതത്. എഴുപതുകാരനുമായുള്ള വിവാഹം ഉറപ്പിച്ച് പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് അയയ്ക്കാൻ കുടുംബം തീരുമാനിച്ചതിനെത്തുടർന്നാണ് ഇരുപത്തിയൊന്നുകാരി ജീവിതം അവസാനിപ്പിച്ചതെന്നാണ് ലഭ്യമായ വിവരം.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തലയോട്ടിക്കുണ്ടായ ഗുരുതരമായ പരിക്കും, ശ്വാസകോശത്തിലെ ആന്തരിക രക്തസ്രാവവും ആയിരുന്നു മരണകാരണം.
വിവാഹത്തെച്ചൊല്ലി യുവതിയും കുടുംബവും നിരന്തരം കലഹിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വിദ്യാഭ്യാസം തുടരാനാണ് താൽപര്യമെന്നും, വയോധികനെ വിവാഹം ചെയ്യാൻ ആഗ്രഹമില്ലെന്നും യുവതി ബന്ധുക്കളെ അറിയിച്ചു. എന്നാൽ, കുടുംബം വിവാഹത്തിന് നിർബന്ധം പിടിച്ചതോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ചോദ്യം ചെയ്യലിനായി പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്, കൂടുതൽ അന്വേഷണത്തിനായി പോലീസ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Post Your Comments