തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സി.പി.എമ്മില്‍ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റ സി.പി.എം വനിതാ നേതാവാണ് ഇപ്പോള്‍ പാര്‍ട്ടിവിട്ടത്. ഡി.വൈ.എഫ്.ഐ ചാല ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗോപികക്കാണ് സി.പി.എം പ്രവര്‍ത്തകരില്‍ നിന്ന് തന്നെ മര്‍ദ്ദനമേറ്റത്. നേമം നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയുടെ പ്രചരണത്തിനിടെയായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ പ്രതിയെ സംരക്ഷിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതായാണ് ഗോപികയുടെ ആരോപണം.
Read Also : മന്‍സൂർ വധം; കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
കഴിഞ്ഞമാസം 31 നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗോപികക്ക് പരുക്കേല്‍ക്കുന്നത്. ശിവന്‍കുട്ടിയുടെ പ്രചരണത്തിനിടെയാണ് മുട്ടത്തറയില്‍ ഗോപിക.ആര്.നായരെ ഡി.വൈ.എഫ്.ഐ ചാല ഏരിയാ സെക്രട്ടറി ആര്.ഉണ്ണികൃഷ്ണന്റെ സഹായി സായികൃഷ്ണ അസഭ്യം പറയുന്നത്. ഇത് ചോദ്യം ചെയ്ത ഗോപികയെ കഴുത്തിലും മുതുകിലും മര്‍ദ്ദിക്കുകയും വയറില്‍ ചവിട്ടുകയുമായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പൂന്തുറ പോലീസില്‍ ഗോപിക പരാതി നല്കി. പോലീസാണ് ഗുരുതരമായി പരുക്കേറ്റ ഗോപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കണമെന്നായിരുന്നു നേതാക്കന്മാരുടെ ആവശ്യം. കൊലക്കേസ് പ്രതിയായ ഉണ്ണിയെ സംരക്ഷിക്കാനും നേതാക്കള്‍ ശ്രമം നടത്തി. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പോലീസിലും സ്വാധീനം ചെലുത്തി. സ്ത്രീകളെ മുന്‍പും അക്രമിച്ചിട്ടുള്ള ഉണ്ണിയെ പാര്‍ട്ടി സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്ന ഗോപിക രാജിവെച്ചത്.
ഉണ്ണിയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കത്തിന് കാരണമെന്നാണ് ഗോപിക വ്യക്തമാക്കുന്നത്. ഉണ്ണികൃഷ്ണന്റെ അപവാദ പ്രചരണത്തില്‍ ആത്മഹത്യക്ക് ശ്രമം നടത്തിയിട്ടും പാര്‍ട്ടി മൗനം പാലിച്ചെന്നും ആരോപണമുണ്ട്.
Post Your Comments