ചെന്നൈ: തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം. ഇനിയുള്ള മണിക്കുറുകളില്‍ നിശ്ശബ്ദ പ്രചാരണം. മണ്ഡലത്തില്‍ പുറത്തുള്ളവര്‍ താമസിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷന് ഉത്തരവിട്ടു. ഡി.എം.കെ, അണ്ണാ ഡി.എം.കെ, മക്കള്‍ നീതിമയ്യം, അമ്മ മക്കള്‍ മുന്നേറ്റ കഴകം, നാം തമിഴര്‍ കക്ഷി എന്നിവയുടെ നേതൃത്വത്തിലുള്ള മുന്നണികള്‍ തമ്മിലുള്ള പഞ്ചകോണ മത്സരമാണ് അരങ്ങേറുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലുണ്ടായതുപോലെ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നുണ്ട്. ഒരു വോട്ടിന് 500 മുതല്‍ 1,000 രൂപ വരെയാണ് നല്‍കുന്നതായി പറയുന്നത്. തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡുകള്‍ 500 കോടിയോളം രൂപയുടെ കറന്‍സിയും സമ്മാനങ്ങളും പിടികൂടിയിട്ടുണ്ട്. പ്രചാരണരംഗത്ത് സ്റ്റാലിനും ഉദയ്നിധിയും അഴിച്ചുവിട്ട പ്രചാരണ കൊടുങ്കാറ്റിനെതിരെ അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യത്തിന്റെ തേരാളിയും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി തനിച്ചുനിന്ന് പൊരുതുന്ന കാഴ്ചയാണ് കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ ദേശീയനേതാക്കള്‍ ഇരുമുന്നണികള്‍ക്കും ആത്മവിശ്വാസവും ആവേശവും പകര്ന്നുനല്കി. കനത്ത വെല്ലുവിളി നേരിടുന്നതിനാല്‍ അണ്ണാ ഡി.എം.കെയിലെ പ്രമുഖ നേതാക്കളും മന്ത്രിമാരും ഇത്തവണ സ്വന്തം മണ്ഡലങ്ങളിലൊതുങ്ങി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ടി.വി ചാനലുകളില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങളുടെ വേലിയേറ്റമായിരുന്നു.
എന്നാൽ ചാനലുകള്ക്കിത് ചാകരകാലമായിരുന്നു. ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ എ.രാജയുടെയും പ്രഭാഷകനായ ഡിണ്ടുഗല്‍ ലിയോണിയുടെയും പ്രസംഗങ്ങളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രചാരണത്തിനിടെ വീണുകിട്ടിയത് അണ്ണാ ഡി.എം.കെ – ബി.ജെ.പി സഖ്യം ശരിക്കും മുതലാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പ്രശ്നം ഏറ്റുപിടിച്ചു. കോയമ്പത്തൂര്‍ സൗത്തില്‍ പ്രചാരണ സമാപനത്തിന്റെ ഭാഗമായി കമല്‍ഹാസെന്റ മകള്‍ അക്ഷരഹാസനും നടിയും അടുത്ത ബന്ധുവുമായ സുഹാസിനിയും വിവിധയിടങ്ങളില്‍ നൃത്തംചെയ്ത് വോട്ടുതേടിയത് സമൂഹ മാധ്യമങ്ങളില്‍ ൈവറലായി.
Post Your Comments