ചങ്ങരംകുളം: നാലുമാസംകൊണ്ട് 11-കാരൻ റീചാർജ് ചെയ്തത് 28000 രൂപയ്ക്ക്. തൃശൂരിലെ ആലംകോട്ടാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആലംകോട്ടെ മൊബൈൽ ഷോപ്പിന് മുന്നിൽ സംഘർഷമുണ്ടായി.
11-കാരന്റെ വീട്ടിൽ നിന്നും നിരന്തരം പണം മോഷണം പോയിരുന്നു. ഇത് അന്വേഷിക്കുന്നതിനിടെയാണ് വീട്ടിലെ മൊബൈലിൽ വലിയ സംഖ്യയിൽ റീചാർജ് ചെയ്യുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വീട്ടിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷണംപോയെന്നാണ് വീട്ടുകാർ പറയുന്നത്.
തുടർന്ന് 11-കാരന്റെ രക്ഷിതാക്കൾ മൊബൈൽ ഷോപ്പിലെത്തി വിവരം അന്വേഷിച്ചു. ഇത് അവസാനം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തിയതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്.
15 ഓളം കുട്ടികൾ ഒരുമിച്ചാണ് വലിയ തുകയ്ക്ക് റീചാർജ് ചെയ്യുന്നതെന്നും മൊബൈലിൽ ഗെയിം കളിക്കാനായിരുന്നു റീചാർജ് ചെയ്യുന്നതെന്നും മൊബൈൽ ഷോപ്പ് ജീവനക്കാർ പോലീസിനോട് പറഞ്ഞു.
കുട്ടികൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് പതിവായിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. രക്ഷിതാക്കൾ ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. വിദ്യാർഥികൾ വലിയ തുകയ്ക്ക് റീചാർജ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്ന് മൊബൈൽഷോപ്പ് ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്.
Read Also: ശബരിമല സ്ത്രീ പ്രവേശം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്ന് കടകംപള്ളിക്ക് അറിയില്ലേയെന്ന് വി മുരളീധരൻ
Post Your Comments