Latest NewsKeralaNews

സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ് : മുഖ്യമന്ത്രി

കിറ്റും അരിയും മുടക്കി ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനാണ് ശ്രമമെന്നും പിണറായി വ്യക്തമാക്കി

തിരുവനന്തപുരം : സര്‍ക്കാരിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും അവരുടെ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ബിജെപിക്ക് അവസരങ്ങള്‍ തുറന്നു കൊടുക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കും നാടിനും പ്രയോജനപ്പെടുന്ന ഒരു കാര്യവും ഇവിടെ നടക്കരുതെന്ന വാശിയാണ് പ്രതിപക്ഷത്തിനും കേന്ദ്ര ഏജന്‍സികള്‍ക്കും ബിജെപിക്കുമുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിറ്റിന്റെ പിതൃത്വം കേന്ദ്രത്തിന് നല്‍കിയുള്ള സംഘപരിവാര്‍ പ്രചാരണം നാം കണ്ടതാണ്. കിറ്റും ക്ഷേമ പ്രവര്‍ത്തനങ്ങളും മുടക്കാനാണ് പ്രതിപക്ഷം ഇപ്പോള്‍ ശ്രമിക്കുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യ വിതരണം നല്‍കുന്നത് നിറുത്തി വെയ്ക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുമായി പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. കിറ്റും അരിയും മുടക്കി ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനാണ് ശ്രമമെന്നും പിണറായി വ്യക്തമാക്കി.

ചെന്നിത്തലയുടെ എംഎല്‍എമാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും നാലോ അഞ്ചോ വോട്ടുണ്ട്. കയ്യിലെ മഷി മായ്ക്കല്‍ ആരോപണം മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പണമില്ലാത്തതു കൊണ്ട് നാടിന്റെ വികസനം മുടങ്ങരുത് എന്ന ഒറ്റ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കിഫ്ബിയെ നവീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുകയാണ് ചെയ്തത്. അതിന്റെ ഫലമായി ധാരാളം വികസന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാനായി. വികസനത്തിന് ഊര്‍ജം പകര്‍ന്ന കിഫ്ബിയുടെ കഴുത്തില്‍ കുരുക്കിടുന്ന ആരാച്ചാര്‍ പണി യുഡിഎഫ് ഏറ്റെടുത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘപരിവാര്‍ നീക്കത്തിന് യുഡിഎഫ് വാദ്യം പാടുന്നു. അവര്‍ തുറന്നിട്ട വാതിലിലൂടെയാണ് കേന്ദ്ര ഏജന്‍സികള്‍ എത്തിയത്. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് പാതിരാത്രി വരെയാണ് കിഫ്ബിയില്‍ പരിശോധന നടത്തിയത്.  റെയ്ഡ് എല്ലാ സീമകളും ലംഘിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍  കേന്ദ്ര ഏജന്‍സികള്‍ കടന്നു കയറുകയാണ്. സാധാരണയില്‍ കവിഞ്ഞ ചില നടപടികള്‍ കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button