COVID 19Latest NewsNewsGulfQatar

കോവിഡ് വ്യാപനം; ഖത്തറിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ദോഹ: ഖത്തറില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ രണ്ട് ദിവസ മുമ്പ് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.

ജിംനേഷ്യങ്ങളുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ പൂര്‍ണമായി നിര്‍ത്തിവെയ്ക്കുന്നതാണ്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാളുകളില്‍ പ്രവേശനമുണ്ടാകില്ല. സിനിമാ ശാലകള്‍, മ്യൂസിയങ്ങള്‍, ഇന്‍ഡോര്‍ റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നതാണ്. സാമൂഹിക ഒത്തുചേരലുകളും വീടുകളും മജ്‍ലിസുകളും പോലുള്ള സ്ഥലങ്ങളിലെ സന്ദര്‍ശനങ്ങളും തടയുന്നതാണ്. മറ്റ് സ്ഥലങ്ങളിലും അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിയന്ത്രണമുണ്ടാകും. ഇതോടൊപ്പം നേരത്തെയുണ്ടായിരുന്ന ഏതാണ്ടെല്ലാ നിയന്ത്രണങ്ങളും തുടരുകയും ചെയ്യും. മാര്‍ച്ച് 26 മുതല്‍ അനിശ്ചിത കാലത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 80 ശതമാനത്തില്‍ താഴെ മാത്രം ജീവനക്കാരേ നേരിട്ട് ജോലിക്ക് ഹാജരാവാന്‍ പാടുള്ളൂ. തുറന്ന വേദികളില്‍ അടക്കം വിവാഹാഘോഷങ്ങള്‍ക്ക് പൂര്‍ണമായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. സിനിമാ തീയറ്ററുകളില്‍ 20 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം നൽകു. മ്യൂസിയങ്ങളും ലൈബ്രറികളിലും നഴ്‍സറികളിലും 30 ശതമാനം പേരെ അനുവദിച്ചിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങളിലും 30 ശതമാനം പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ.

ഇന്‍ഡോര്‍ റസ്റ്റോറന്റുകളിലും കഫേകളിലും 15 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാവും പ്രവേശനം. ക്ലീന്‍ ഖത്തര്‍ പ്രോഗ്രാം സര്‍ട്ടിഫിക്കറ്റുള്ള റസ്റ്റോറന്റുകള്‍ക്ക് 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ഓപ്പണ്‍ സ്‍പെയിസുള്ള മറ്റ് റസ്റ്റോറന്റുകളില്‍ പരമാവധി 30 ശതമാനം ആളുകള്‍ക്ക് അനുമതി നൽകിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button