പാവങ്ങളുടെ പടത്തലവനായിരുന്ന എ.കെ.ഗോപാലൻ ഓർമയായിട്ട് 44 വർഷം. ചൂഷിത ജനവിഭാഗങ്ങളുടെ മോചനത്തിലൂടെ മാത്രമെ യഥാർത്ഥ രാഷ്ട്രീയ സ്വാതന്ത്ര്യം നേടാനാകൂവെന്ന് വിശ്വസിച്ച നേതാവായിരുന്നു എകെജി. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു മുഖ്യധാരയിലേക്ക് കൊണ്ടുവന്നതാണ് ആയില്യത്ത് കുട്ട്യാരി ഗോപാലൻ എന്ന എ.കെ.ഗോപാലന്റെ ഏറ്റവും വലിയ സംഭാവന.
തൊഴിലാളി സമരങ്ങൾക്കൊപ്പം അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായ പോരാട്ടങ്ങളുടെയും മുന്നണിപ്പോരാളിയുമായിരുന്നു എകെജി. സമരം തന്നെ ജീവിതമാക്കി മാറ്റി അദ്ദേഹം.സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് പൊതുരംഗത്ത് സജീവമായ എ.കെ.ജി നിയമലംഘന സമരം അടക്കമുള്ളവയുടെ മുൻനിരയിലുണ്ടായിരുന്നു. കെപിസിസി അധ്യക്ഷ പദവിയിൽ നിന്നും എകെജി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും ചുവടുമാറ്റി.
ഫറൂക്ക് ഓട്ടുതൊഴിലാളി സമരം, തലശ്ശേരിയിലെ ബീഡി തൊഴിലാളി സമരം, കണ്ണൂർ കോട്ടൺമില്ലിലെ സമരം, നെയ്ത്ത് തൊഴിലാളി സമരം, അമരാവതിയിലെ സമരം, കൊട്ടിയൂരിലേയും കീരിത്തോട്ടത്തിലേയും കുടിയിറക്കലിനെതിരെ നടന്ന സമരം തുടങ്ങി എവിടെയും ചൂഷിതർക്കൊപ്പം എകെജിയുണ്ടായിരുന്നു.രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ ജയിലിലായിരുന്ന എകെജി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവായി. തുടർച്ചയായി അഞ്ച് തവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട എകെജി 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി പി ഐ എമ്മിനൊപ്പമായിരുന്നു.
ഇന്ത്യയിൽ കരുതൽ തടങ്കലിലായ ആദ്യ രാഷ്ട്രീയ നേതാവാണ് എ.കെ.ജി. രാജ്യത്തിന് തന്നെ മാതൃകയായ സഹകരണ പ്രസ്ഥാനങ്ങൾക്ക് അമരക്കാരനായതും എ.കെ.ജി തന്നെ. 1940ൽ ആരംഭിച്ച ഇന്ത്യൻകോഫി ഹൗസ് തൊഴിലാളി വർഗത്തിന് എകെജിയുടെ വിലമതിക്കാനാവാത്ത സംഭാവനയാണ്.സമരം തന്നെ ജീവിതമാക്കി മാറ്റുകയും ആ ജീവിതം തൊഴിലാളിവർഗത്തിന് സമർപ്പിക്കുകയും ചെയ്ത എ.കെ.ഗോപാലൻ 1977 മാർച്ച് 22ന് ആണ് ഈ ലോകത്തോട് വിട പറഞ്ഞത്.
Post Your Comments