Latest NewsKerala

അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി, ആള്‍ക്കാരെ കാണാനോ സംവദിക്കാനോ താല്പര്യമില്ലാതെ ആയി ; കെ ബാബുവിന്റെ മകൾ

അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വില കൊടുക്കേണ്ടി വന്ന ഒരു തീരുമാനം ആയി എന്ന് സുനിശ്‌ചയം പറയാം

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എപ്പോഴും സജീവമായിരുന്ന കെ.ബാബു കഴിഞ്ഞ തവണ വിവാദങ്ങളില്‍ പെട്ട് തോറ്റപ്പോഴാണ് മണ്ഡലം എല്‍ഡിഎഫിലേക്ക് ചാഞ്ഞ​ത്. എന്നാല്‍ ഈ വിവാദങ്ങളില്‍ നിന്നെല്ലാം മുക്തി നേടി ബാബു എത്തുമ്പോള്‍ കോണ്‍ഗ്രസ് തികഞ്ഞ പ്രതീക്ഷയിലാണ്.

ശബരിമല വിവാദങ്ങള്‍ അടക്കം തനിക്ക് ഗുണം ചെയ്യുമെന്നാണ് ബാബുവിന്റെ പക്ഷം. ഇതിന് പിന്നാലെ ബാബുവിന്റെ മകള്‍ ഐശ്വര്യ. വിവാദങ്ങളില്‍ തകര്‍ന്നുപോയ അച്ഛന്റെ അവസ്ഥയും കുടുംബം അനുഭവിച്ച കാര്യങ്ങളും തുറന്നെഴുതുന്നത്.

കുറിപ്പ് ഇങ്ങനെ: 

2015ലാണ് ഞാന്‍ വാര്‍ത്തകള്‍ വായിക്കുന്നതും കാണുന്നതും ഫെയ്സ്ബുക്കും എല്ലാം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. എല്ലാത്തില്‍ നിന്നും ഒരു ഒഴിഞ്ഞു മാറ്റം എന്ന് വേണമെങ്കില്‍ പറയാം. വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ന് ഞാന്‍ ഫെയ്സ്ബുക്കില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നില്‍ ഒരു കാരണമേ ഉള്ളു, കഴിഞ്ഞ കുറച്ചു നാളുകള്‍ ആയി നടക്കുന്ന ഒരു കഥയുടെ മറുവശം കൂടി പറയാന്‍, നിങ്ങള്‍ക്ക് കേള്‍ക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍..

എന്റെ പേര്, ഐശ്വര്യ ബാബു, കെ. ബാബുവിന്റെ മകള്‍. മുന്‍ എന്ത് ആര് എന്നതല്ല, ഇതാണ് അദ്ദേഹം. അങ്കമാലിയില്‍ ജനിച്ചു വളര്‍ന്നുവെങ്കിലും, 1991 മുതല്‍ അദ്ദേഹം ഒരു പൂര്‍ണ്ണ തൃപ്പൂണിത്തുറക്കാരനായി മാറുകയായിരുന്നു. ഞങ്ങള്‍ വളര്‍ന്നത് ഈ നാട്ടിലാണ്, എന്റെ കുടുംബവും കൂട്ടുകാരും എല്ലാം ഞങ്ങള്‍ക്ക് ഇവിടെയാണ്.

ചെറുപ്പം മുതല്‍ രാഷ്ട്രീയം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇന്നത്തെ പോലെ പിന്നില്‍ നിന്ന് കുത്തുന്ന രാഷ്ട്രീയമല്ല, പാര്‍ട്ടികള്‍ തമ്മില്‍ പോരടിക്കുമ്ബോഴും തമ്മില്‍ ആദരവോടെ ഇട പഴകിയിരുന്ന, ജനക്ഷേമത്തിനു കൈ കോര്‍ക്കാന്‍ മടിക്കാതിരുന്ന രാഷ്ട്രീയം. ആളുകള്‍ കാലത്തിനനുസരിച്ചു മാറും, സാഹചര്യങ്ങളും മാറും, പക്ഷെ ഒന്ന് മാറിയിട്ടില്ല – കെ ബാബുവിന് തൃപ്പൂണിത്തുറയോടുള്ള സ്നേഹവും പ്രതിബദ്ധതയും.

ഇത് വായിച്ചു മുഖം ചുളിക്കും മുമ്ബ് ഒന്ന് പറഞ്ഞോട്ടെ, ഇതെന്റെ അച്ഛനെ വൈറ്റ് വാഷ് ചെയ്യാനുള്ള ഒരു പോസ്റ്റ് അല്ല, പകരം നേരത്തെ പറഞ്ഞ പോലെ ഇത് ഞങ്ങളുടെ സത്യമാണ്. കഴിഞ്ഞ 6 വര്‍ഷങ്ങളായി നിങ്ങള്‍ കേട്ടതില്‍ നിന്ന് വ്യത്യസ്തമായി, കേള്‍ക്കാത്ത ഒരു കഥയാണ്.

അച്ഛന്റെ മുന്‍‌ഗണനകള്‍ എന്നും തൃപ്പൂണിത്തുറയും, കോണ്‍ഗ്രസ് പാര്‍ട്ടിയും കുടുംബവുമാണ് – ആ ക്രമത്തില്‍ തന്നെ. എന്നെയും മൂത്ത സഹോദരിയെയും വളര്‍ത്തിയത് ഞങ്ങളുടെ അമ്മയാണ്. അച്ഛന്റെ ആദ്യ 2 മുന്‍‌ഗണനകള്‍ എന്നും ഞങ്ങളുടെ സ്കൂള്‍ ജീവിതത്തെയോ ആരോഗ്യപ്രശ്നങ്ങളെയോക്കാള്‍ വലുതായിരുന്നു.

പക്ഷേ ഞങ്ങള്‍ ഒരിക്കലും പരാതിപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയക്കാരന്റെ കുടുംബം ചെയ്യേണ്ട ത്യാഗങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ വീടിന്റെ വാതില്‍ എന്നും ഏവര്‍ക്കും വേണ്ടി തുറന്നു തന്നെയിരുന്നിരുന്നു. ദിനരാത്രം, ആവശ്യക്കാര്‍ക്ക് കാണാന്‍ വേണ്ടിയും അവരുടെ പ്രശ്നങ്ങള്‍ക്ക് നടപടി ഉണ്ടാക്കാനും അച്ഛന്‍ എന്നും ഉണ്ടായിരുന്നു.

അവിടെ മതമോ ജാതിയോ രാഷ്ട്രീയ അനുഭാവമോ സമൂഹത്തിലെ സ്ഥാനമോ ഒന്നും ഒരു വിഷയം ആരുന്നില്ല. അത് കൊണ്ട് തന്നെ ആകണം, അദ്ദേഹത്തിന് കുറെ വര്‍ഷം തൃപ്പൂണിത്തുറ മണ്ഡലം സേവിക്കാനുള്ള അവസരം ലഭിച്ചതും.

എല്ലാം മാറിയത് 2011ലെ ഇലക്‌ഷന്‍ കഴിഞ്ഞാണ്. ഇത്തവണയും അദ്ദേഹം ജയിച്ചു, വമ്ബിച്ച ഭൂരിപക്ഷത്തോടെ തന്നെ. മന്ത്രിപദവിയും ലഭിച്ചു. അത് സ്വീകരിക്കുമ്ബോള്‍ തന്നെ ഇത് മൂലം തൃപ്പൂണിത്തുറയില്‍ നിന്ന് കൂടുതല്‍ കാലം മാറി നില്‍ക്കേണ്ടി വരുന്നത് അദ്ദേഹത്തെ അലട്ടുന്നത് ഞാന്‍ കണ്ടു.

ഇത് കഴിഞ്ഞാണ് Excise മന്ത്രി ആയി തിരഞ്ഞെടുത്ത തീരുമാനം വന്നത്, അദ്ദേഹത്തിന് ഒരിക്കലും താല്പര്യമില്ലാത്ത ഒരു കാര്യം, അദ്ദേഹം നേരത്തെ വ്യക്തമാക്കിയതും ആയിരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം അദ്ദേഹം അത് ഏറ്റെടുത്തു, അത് ഇപ്പൊ തിരിഞ്ഞു നോക്കുമ്ബോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വില കൊടുക്കേണ്ടി വന്ന ഒരു തീരുമാനം ആയി എന്ന് സുനിശ്‌ചയം പറയാം.

എനിക്ക് വ്യക്തമായ രാഷ്ട്രീയവീക്ഷണങ്ങളുണ്ട്. അതിലോട്ടു ഞാന്‍ കടക്കുന്നില്ല, എന്റെ സത്യം പറയുക എന്ന ഉദ്ദേശം മാത്രം. മുമ്ബും വളച്ചൊടിച്ച ചെറിയ കഥകളൊക്കെ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തവണണത്തേത്‌ അതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ഒരു പൊതുപ്രവര്‍ത്തകന്റെ കുടുംബം ചെയ്യേണ്ടത് പോലെ, എല്ലാ വിമര്‍ശനങ്ങളും അതിന്റെ വഴിക്ക് വിട്ടു ഞങ്ങള്‍ എല്ലാവരും കഴിയുന്നത്ര ഇതില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ഇതൊരു തത്സമയ നാടകം ആയി മാറാന്‍ ഒരു പാട് സമയം എടുത്തില്ല. രാഷ്ട്രീയ പൊതുജീവിതത്തില്‍ മാന്യതയോടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ച ഒരു പൊതുപ്രവര്‍ത്തകന്റെ വാക്കിനു മുകളില്‍ ഇന്നലെ കുരുത്ത ഒരു തട്ടിപ്പുകാരന്റെ ആരോപണങ്ങള്‍ എല്ലാവരും ഏറ്റെടുക്കുകയാണ് ഉണ്ടായത്. പിന്നെ സംഭവിച്ചത് എല്ലാവര്‍ക്കും അറിയാം, കുറഞ്ഞ പക്ഷം മാധ്യമങ്ങളിലൂടെ നിങ്ങള്‍ അറിഞ്ഞ വശം എങ്കിലും.

ഈ ആക്രമണം എത്രത്തോളം നികൃഷ്ടവും വ്യക്തിപരവുമായിരുന്നു എന്നത് ആര്‍ക്കും ഊഹിക്കാന്‍ കൂടി കഴിയില്ല. എന്റെ അച്ഛന്‍, എന്റെ കണ്ണില്‍ എന്തും നേരിടാന്‍ പോര്‍ന്ന ശക്തനായ ഒരു മനുഷ്യന്‍ ആയിരുന്നു. 2016നു ശേഷം ഞാന്‍ കണ്ടത് അതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു രൂപമാണ്.

അദ്ദേഹം സമര്‍പ്പിച്ചതെല്ലാം അദ്ദേഹത്തില്‍ നിന്ന് അപഹരിക്കപ്പെട്ടുവെന്നത് മാത്രമല്ല, അദ്ദേഹത്തിന്റെ അന്തസ്സ് കവര്‍ന്നു, അഴിമതിക്കാരനായി മാധ്യമങ്ങളുടെ മുദ്ര ചാര്‍ത്തല്‍, എതിര്‍കക്ഷിയുടെ രാഷ്ട്രീയലാക്കോടു കൂടിയുള്ള അപവാദപ്രചാരണത്തിലൂടെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കരി വാരി തേക്കുകയാണ് ഉണ്ടായത്, ഒരു അന്ത്യമില്ലാതെ.

ഞാനും ചേച്ചിയും കൂട്ടുകുടുംബങ്ങളില്‍ കഴിയുന്നവരാണ്. ഞങ്ങളുടെ വീടുകളില്‍ റെയ്ഡുകള്‍, അത് ആഘോഷിക്കുന്ന മാധ്യമങ്ങള്‍, ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യുന്നതും തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളും മാത്രം ഉണ്ടായിരുന്ന നാളുകള്‍, ഞങ്ങളോട് അടുപ്പം ഉള്ള ഏവരെയും തിരഞ്ഞു പിടിച്ചു ബുദ്ധിമുട്ടിച്ചു അതിലൂടെ ഞങ്ങളെ ഒറ്റപ്പെടുത്തി സമ്മര്‍ദം ചെലുത്തിയിരുന്ന ഉദ്യോഗസ്ഥര്‍.

ഒരു ദിവസം സത്യം പുറത്തുവരുമെന്ന് അറിഞ്ഞുകൊണ്ട് ഞങ്ങള്‍ ഉടനീളം സഹകരിക്കുകയും ചെയ്തു, കാരണം സത്യം പകല്‍ വെളിച്ചം പോലെ അവരുടെ മുമ്ബില്‍ ഉണ്ടായിരുന്നു.

ഞാന്‍ വിവാഹം ചെയ്തത് ഒരു വ്യത്യസ്ത രാഷ്ട്രീയ അനുഭാവം ഉള്ള കുടുംബത്തില്‍ നിന്നാണ്, പക്ഷെ അതൊരിക്കലും ഞങ്ങളുടെ കുടുംബങ്ങളുടെ സ്നേഹബന്ധത്തിന് ഒരു തടസ്സം ആയിരുന്നില്ല. എന്റെ ഭര്‍ത്യ-പിതാവിന്റെ പേരും ബാബു എന്നാണ്, അത് കൊണ്ട് മാത്രം അദ്ദേഹം സ്വന്തം പരിശ്രമം കൊണ്ട് ഉണ്ടാക്കിയതെല്ലാം ഇതിലോട്ട് വലിച്ചിഴക്കപ്പെട്ടു,

തേനിയിലെ അദ്ദേഹത്തിന്റെ സ്ഥലം ഉള്‍പ്പടെ. വേറെ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുള്ള വ്യക്തി ആയിട്ട് കൂടി, ഈ ആരോപണങ്ങളില്‍ കഴമ്ബില്ല എന്ന് അദ്ദേഹം ഉടന്‍ തന്നെ മനസ്സിലാക്കി. ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളിലേക്കാണ് അന്വേഷണം നീണ്ടത്, ഞങ്ങളെ അറിയുന്നതു എന്ന ഒറ്റ ഒരു കാരണം കൊണ്ടാണ് അവരെ ലക്ഷ്യമിട്ടത്. ഇത് വര്‍ഷങ്ങളോളം തുടര്‍ന്നു.

മാധ്യമങ്ങള്‍ മാത്രമല്ല, എതിര്‍ പാര്‍ട്ടിയും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും ഒരു തരം പ്രതികാര മുഖത്തോടെയാണ് ഈ കേസ് സമീപിച്ചത്. സുഹൃത്തുക്കളും കുടുംബവുമാണെന്ന് ഞങ്ങള്‍ കരുതിയിരുന്ന ആളുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോലും നീചവും വ്യക്തിപരവുമായ ആക്രമണം അഴിച്ചു വിടാന്‍ മടിച്ചില്ല. ഏറ്റവും നിന്ദ്യമായ രീതിയില്‍തന്നെ ഞങ്ങളെ ഇതിലോട്ട് വലിച്ചിഴക്കാന്‍ എല്ലാരും മത്സരിക്കുകയായിരുന്നു.

എന്റെ അച്ഛനെ ഞാന്‍ ബലഹീനനായി ആദ്യമായി കാണുന്നത് അപ്പോഴാണ്. ഒരു കുടുംബം എന്ന നിലക്ക് ഈ കേസില്‍ മുന്നോട്ട് പോകാന്‍ ഞങ്ങള്‍ ഉപയോഗിക്കേണ്ടിയിരുന്ന എല്ലാ ഊര്‍ജവും അച്ഛനെ പഴയ പോലെ ആക്കുക എന്നതിലാണ് ചിലവഴിച്ചത്. ഒന്നര കൊല്ലത്തോളം അദ്ദേഹം പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതെ ചിലവഴിച്ചു.

രാഷ്ട്രീയക്കാരുടെ തൊലിക്കട്ടി എന്റെ അച്ഛന് ഇല്ലേ എന്ന് ഞാന്‍ സംശയിച്ചു പോയ നിമിഷങ്ങള്‍. അദ്ദേഹത്തിന്റെ ആരോഗ്യം മോശയായി, ആള്‍കാരെ കാണാനോ സംവദിക്കാനോ താല്പര്യമില്ലാതെ ആയി, ജീവിക്കാനുള്ള താല്പര്യവും നഷ്ടപ്പെട്ടു. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരാണ് എന്ന് വരുത്തി TRPക്കു വേണ്ടി ഉള്ള ഓട്ടപാച്ചിലില്‍ നഷ്ടപെട്ടത് ഞങ്ങളുടെ ജീവിതം ആണ്. അദ്ദേഹം ദുര്‍ബലാവസ്ഥയില്‍ നില്‍ക്കുമ്ബോഴും വീടിന്റെ ജനലില്‍ തൂങ്ങി ഫോട്ടോ എടുക്കാന്‍ മത്സരിച്ച മാധ്യമ പ്രവര്‍ത്തകരും ഉണ്ട്.

ആരൊക്കെ ഒപ്പം, ആരൊക്കെ അല്ല എന്ന് കാലം തെളിയിച്ചു. സത്യം എന്തെന്ന് കാലം പുറത്തു കൊണ്ട് വന്നു. അത് മാത്രമായിരുന്നു അദ്ദേഹത്തിന് കൈമുതല്‍, തന്റെ നിരപരാധിത്വം. ഒരു കുടുംബം എന്ന നിലക്ക് ഞങ്ങള്‍ ഇത് തരണം ചെയ്യാന്‍ നോക്കുമ്ബോഴും ഒപ്പം താങ്ങായി നിന്ന കുറച്ചു സുഹൃത്തുക്കള്‍ ഉണ്ട്, കുറച്ചു പാര്‍ട്ടി അനുഭാവികള്‍ ഉണ്ട്, കുറച്ചു മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ട്. നിങ്ങളോടുള്ള കടപ്പാട് ഞങ്ങള്‍ ഒരിക്കലും മറക്കില്ല.

അച്ഛനു ഇന്നത്തെ മറ്റു ചില രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ PR മാനേജരോ വേറെ ഏജന്‍സിയോ ഒന്നും തന്നെ ഇല്ല, ഈ കഥകള്‍ അദ്ദേഹത്തിന്റെ ദിശയിലോട്ട് തിരിച്ചു വിടാന്‍. ആകെ ഉള്ളത് സത്യത്തിലുള്ള വിശ്വാസം മാത്രം. LDF പാര്‍ട്ടിയുടെ സ്വന്തം വിജിലന്‍സ്, ഇത്രേം നാള്‍ വേട്ടയാടിയതിനു ശേഷം ക്‌ളീന്‍ ചിറ്റ് നല്‍കിയിരിക്കുന്നു. അത് കൊണ്ടാണ് ഇന്ന് ഇത് പറയാന്‍ ഞാന്‍ തീരുമാനിച്ചത്.

ഇത് ഇലക്ഷന് വേണ്ടി ഉള്ള ക്യാമ്ബയിന്‍ അല്ല. തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി എന്ന നിലയിലും അല്ലാതെയും അദ്ദേഹം നല്‍കിയ എല്ലാ സംഭാവനകളും അദ്ദേഹത്തിനെതിരായ ഈ തെറ്റായ പ്രചാരണങ്ങള്‍ മായ്ച്ചു കളയാന്‍ കെല്പുള്ളതാണ്. ഇത് നിങ്ങള്‍ക്ക് വിശ്വസിക്കാം, തിരസരിക്കാം.

പക്ഷെ ഇത് ഞങ്ങള്‍ ജീവിച്ച സത്യമാണ്. ഞങ്ങളുടെ അമ്മ ഞങ്ങളെ പഠിപ്പിച്ചതനുസരിച്ചാണ് ഞങ്ങള്‍ എല്ലായ്പ്പോഴും ജീവിച്ചിട്ടുള്ളത് – കഠിനാധ്വാനം ചെയ്യുക, സ്വന്തം കാലില്‍ നില്‍ക്കുക, നമ്മുടേതല്ലാത്തത് ആഗ്രഹിക്കാതിരിക്കുക. ഞങ്ങളുടെ മാതാപിതാക്കള്‍ രണ്ട് സ്വതന്ത്ര സ്ത്രീകളെ വളര്‍ത്തിയിട്ടുണ്ട്,

ഞങ്ങള്‍ എല്ലായ്പ്പോഴും ഞങ്ങളുടെ അച്ഛനെക്കുറിച്ച്‌ അഭിമാനിക്കും. ആദ്ദേഹം ഒരു അഗ്നിപരീക്ഷണം കഴിഞ്ഞു വീണ്ടും പുറത്തു വന്നിട്ടുണ്ട്, പഴയത് പോലെ തന്നെ. ഞങ്ങള്‍ എപ്പോഴും അദ്ദേഹത്തിന്റെ പക്ഷത്തുണ്ടാകും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇതാണ് എന്റെ വാസ്തവം

shortlink

Related Articles

Post Your Comments

Related Articles


Back to top button