KeralaLatest NewsNewsDevotional

ശിവരാത്രി അനുഗ്രഹപ്രദമാക്കാന്‍ ചെയ്യേണ്ടത്‌

ശിവരാത്രി ദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. കുളിച്ച് ഭസ്മക്കുറിയണിഞ്ഞ് ശിവക്ഷേത്രത്തില്‍ നിര്‍മാല്യം തൊഴണം. സാധിക്കുന്നവര്‍ കൂവളത്തിലകൊണ്ട് അര്‍ച്ചനയോ ഹാരാര്‍പ്പണമോ നടത്തുന്നത് നല്ലതാണ്. ഓംഹ്രീം നമശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രം ജപിച്ച് നാലമ്പലത്തില്‍ കഴിച്ചുകൂട്ടുന്നത് അനുഗ്രഹപ്രദമാണ്. ഒരു നേരം മാത്രം സസ്യാഹാരം കഴിക്കുക. ശിവപുരാണപാരായണം, ശിവഅഷ്ടോത്തരനാമജപം, ഹാലാസ്യപുരാണപാരായണം, ശിവസഹസ്രനാമ ജപം എന്നിവ നടത്തണം.

രാത്രിയില്‍ ശിവക്ഷേത്രത്തില്‍ നടത്തുന്ന നാലുയാമ പൂജകളും തൊഴണം. ഒരു രാത്രിക്ക് നാല് യാമങ്ങളുണ്ട്. സന്ധ്യയ്ക്ക് ആറുമുതല്‍ രാത്രി ഒന്‍പതുവരെ ഒന്നായാമവും 9 മുതല്‍ 12 വരെ രണ്ടാം യാമവും 12 മുതല്‍ 3 വരെ മൂന്നാം യാമവും 3 മുതല്‍ 6വരെ നാലാം യാമവുമാണ്. ഉറക്കം വരുമ്പോള്‍ ശ്രീകോവിലിന് വലംവച്ച് തൊഴുകയും ശിവനാമ മന്ത്രങ്ങള്‍ ജപിക്കുകയും വേണം. ഇങ്ങനെ അഭിഷേകം, ധാര, ധ്യാനം എന്നിവ അര്‍പ്പിച്ച് ആത്മസമര്‍പ്പണത്തോടെ ശിവരാത്രി വ്രതം അനുഷ്ഠിക്കണം.

പുലരുമ്പോള്‍ ശിവഭഗവാനെ തൊഴുത് ക്ഷമാപണനാമം ചൊല്ലി സ്വഗ്രഹങ്ങളില്‍ചെന്ന് ജോലികളില്‍ ഏര്‍പ്പെടാവുന്നതാണ്. ആ ദിവസം സന്ധ്യാവന്ദനത്തിനു ശേഷമേ ഉറങ്ങാവൂ. ശിവരാത്രി വ്രത ദിവസം ചൂതുകളി, മുറുക്ക്, വിനോദങ്ങള്‍, മദ്യപാനം, പുകവലി, മത്സ്യമാംസഭക്ഷണം, പഴകിയ ഭക്ഷണം, സ്ത്രീസംസര്‍ഗം എന്നിവപാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button