ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡി.എം.കെ. പാര്‍ട്ടി അധികാരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത 10 വര്‍ഷത്തേക്കുള്ള വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ദര്‍ശന രേഖയാണ് ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ പുറത്തിറക്കിയത്.
വീട്ടമ്മമാര്‍ക്ക് പ്രതിമാസ വേതനം, പ്രതിവര്‍ഷം 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ഇരട്ട വിള കൃഷി 10 ലക്ഷം ഏക്കറില്‍ നിന്ന് 20 ലക്ഷം ഏക്കറിലേക്ക് വര്‍ധിപ്പിക്കുക, സംസ്ഥാനത്തെ മുന്‍നിരയില്‍ എത്തിക്കുക എന്നിവയാണ് ദര്‍ശനരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എല്ലാ തമിഴ്നാട് ഗ്രാമങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍, തേങ്ങ, പരുത്തി, സൂര്യകാന്തി, 20 ലക്ഷം കോണ്‍ക്രീറ്റ് വീടുകള്‍, ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി എന്നിവ ലഭ്യമാക്കല്‍ തുടങ്ങിയവ ദര്‍ശന രേഖയില്‍ ഉണ്ട്.
36 ലക്ഷം വീടുകള്‍ക്ക് പൈപ്പ് ജലസൗകര്യമൊരുക്കുക, എല്ലാ നഗരപ്രദേശങ്ങളിലും മാലിന്യ സംസ്‌കരണ സംവിധാനം നടപ്പിലാക്കുക എന്നിവയും വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു.
ട്രിച്ചി നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സംഘടിപ്പിച്ച റാലിയിലാണ് സ്റ്റാലിന്‍ ദര്‍ശന രേഖ പ്രഖ്യാപിച്ചത്. ‘ ഇന്ന് എന്റെ സ്വപ്നങ്ങള്‍ വെളിപ്പെടുത്താനുള്ള സ്ഥലമാണ് ട്രിച്ചി, ഈ വലിയ ജനക്കൂട്ടത്തെ കണ്ട് ഞാന്‍ അമ്പരന്നു. ഇത് എന്നില്‍ വലിയ പ്രതീക്ഷ ഉളവാക്കുന്നു,’ സ്റ്റാലിന്‍ പറഞ്ഞു.
‘വളരുന്ന അവസരങ്ങള്‍, സമൃദ്ധമായ തമിഴ്‌നാട്’ എന്ന തലക്കെട്ടിലുള്ള സ്റ്റാലിന്റെ ദര്‍ശന രേഖ, വരുന്ന ദശകത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും, സംസ്ഥാനത്തിന് ഇരട്ട അക്ക വളര്‍ച്ചാ നിരക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. പ്രതിവര്‍ഷം 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് തൊഴിലില്ലായ്മ നിരക്ക് പകുതിയായി കുറയ്ക്കുമെന്നും ദാരിദ്ര്യത്തില്‍ നിന്ന് ഒരു കോടി ജനങ്ങളെ ഉയര്‍ത്തുന്നതിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു വ്യക്തിയുമില്ലാതെ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി തമിഴ്നാട് മാറുമെന്നും അദ്ദേഹം പറഞ്ഞു.
എസ്സി, എസ്ടി, ഒബിസി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കുക, സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ കൊഴിഞ്ഞുപോകല്‍ നിരക്ക് 16 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കുക, സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ പഞ്ചായത്ത് യൂണിയനുകളിലെയും മോഡല്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, എന്നിവയുടെ എണ്ണം ഇരട്ടിയാക്കുക എന്നിങ്ങനെയാണ് മറ്റ് വാഗ്ദാനങ്ങള്‍.
Post Your Comments