കോട്ടയം: കോട്ടയം സ്വദേശിയായ തട്ടിപ്പുകാരൻ രാജേഷിൻ്റെ കൂടുതൽ കഥകൾ പുറത്ത്. നാട്ടില്‍ തട്ടിപ്പും വെട്ടിപ്പുമായി നടന്നയാള്‍ ഉത്തരാഖണ്ഡിലെത്തിയപ്പോള്‍ വിശുദ്ധ വേഷം ചാര്‍ത്തി ലൂര്‍ദ്ദ് സ്വാമി അച്ചനായി മാറി. വിശുദ്ധ പരിവേഷം കിട്ടിയതോടെ പണം തട്ടാൻ എളുപ്പത്തിൽ കഴിഞ്ഞു. വാകത്താനം സ്വദേശിയായ രാജേഷ് നിരവധി വിദേശമലയാളികളില്‍ നിന്നായി കോടികൾ തട്ടിയെടുത്തതായി പരാതി.
Also Read:വാക്‌സിനെടുക്കാത്ത വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ; സംഭവം കേരളത്തില്‍
പ്രവാസികള്‍ക്കിടയിലെ ലൂര്‍ദ്ദ് സ്വാമി അച്ചനെക്കുറിച്ച് വിശ്വാസികള്‍ അന്വേഷിച്ചപ്പോഴാണ് രാജേഷ് എന്നാണ് അച്ചൻ്റെ യഥാർത്ഥ പേരെന്ന് പുറത്തറിയുന്നത്. വിദേശ മലയാളികളുമായി ബന്ധമുള്ള ഒരു കന്യാസ്ത്രീ മുഖാന്തിരമാണ് ഇയാള്‍ വിവിധ ക്രൈസ്തവ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നത്. ലൂര്‍ദ്ദ് സ്വാമിയോടൊപ്പം ഇവിടെ ഇരുപത്തിരണ്ട് അച്ചന്മാര്‍ നിത്യാരാധന നടത്തുന്നതായി കന്യാസ്ത്രീയും പ്രചരിപ്പിച്ചു. ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദേശ നയം മൂലം വിദേശത്തുള്ള ബെനഡിക്ടന്‍ സന്യാസ ആശ്രമങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പണം അയക്കുവാന്‍ സാധിക്കുന്നില്ലെന്നും ഇതുമൂലം അച്ചനടക്കമുള്ളവർ പട്ടിണിയിലാണെന്നും വിശ്വാസികൾക്ക് സന്ദേശമെത്തി. ഇതുവിശ്വസിച്ച വിശ്വാസികൾ അച്ചന് പണമയച്ചു.
സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും, അമേരിക്കയില്‍ നിന്നുമുള്‍പ്പടെ നിരവധി വിശ്വാസികളാണ് ‘അച്ചൻ’ നല്‍കിയ രാജേഷിന്റെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ അയച്ചു നല്‍കിയത്. വീണ്ടും വീണ്ടും പണം ചോദിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. ക്യാൻസർ രോഗിയാണെന്ന് പറഞ്ഞും നിരവധി ആളുകളിൽ നിന്ന് പണം തട്ടിയെടുത്തയായി മറുനാടൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജേഷാണ് ലൂർദ്ദ് അച്ചനെന്ന് വ്യക്തമായതോടെ പറ്റിക്കപ്പെട്ടവർ പരാതി നൽകി. കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് ഇ.മെയില്‍ വഴി വിദേശത്തു നിന്ന് പരാതി നല്‍കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments