ചെന്നൈ: അന്തരിച്ച ജയലളിതയുടെ സഹായി വി.കെ. ശശികലയുടെ പൊടുന്നനെയുള്ള രാഷ്ട്രീയ പിന്മാറ്റത്തിനു പിന്നില്‍ കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന്റെ ഇടപെടലെന്നു സൂചന. ശശികലയുടെ പിന്മാറ്റത്തിൽ അമിത് ഷായുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് ദിനകരൻ പക്ഷത്തിന്റെ ആരോപണം. ജയില്‍മോചനത്തിനുശേഷം സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് ശശികല നേരത്തെ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്.
ജനപ്രാതിനിധ്യ നിയമപ്രകാരം ആറു വര്‍ഷക്കാലത്തേക്ക് ശശികലക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ശശികലയുടെ സാന്നിധ്യം തിരിച്ചടിയാവുമെന്ന് അണ്ണാ ഡി.എം.കെ നേതൃത്വം ഭയപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ ശശികല വിഭാഗത്തെ മുന്നണിയുടെ ഭാഗമാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്.
ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അണ്ണാ ഡി.എം.കെ നേതൃത്വവുമായി ചര്‍ച്ച നടത്തി. ശശികലയുമായി നീക്കുപോക്കുണ്ടാക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി കടുത്ത നിലപാട് സ്വീകരിച്ചു. അതേസമയം, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മൃദുസമീപനമാണ് കൈക്കൊണ്ടത് . ടി.ടി.വി. ദിനകരന് നയിക്കുന്ന അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിനുവേണ്ടി ശശികല പ്രചാരണം നടത്തുന്നത് ഏതു വിധേനയും തടയുകയായിരുന്നു അണ്ണാ ഡി.എം.കെ കക്ഷിയുടെ ലക്ഷ്യം.
ഇതേതുടർന്ന് അടുത്ത കുടുംബാംഗങ്ങള്‍ മുഖേനയാണ് ബി.ജെ.പി നേതൃത്വം ശശികലയുമായി ബന്ധപ്പെട്ടതെന്നാണ് സൂചന. ബി.ജെ.പിയെ പിണക്കുന്നത് ശശികലയുടെ കേസുകളെ ദോഷകരമായി ബാധിക്കുമെന്ന് ബന്ധുക്കള്‍ ശശികലയെ ബോധ്യപ്പെടുത്തിയെന്നും ചില മാധ്യമങ്ങളുടെ റിപ്പോർട്ട് ഉണ്ട്. എന്നാൽ ശശികലയുടെ ആരോഗ്യസ്ഥിതി നല്ലതല്ലാത്തതിനാൽ രാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞു നിന്ന് മുന്നോട്ടു പോകാനാണ് തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയത്തില്‍നിന്ന് മാറി നില്ക്കുന്നതായി ശശികല പ്രഖ്യാപിച്ചത് എന്നും സൂചനകളുണ്ട്.
ഇതോടെ ടി.ടി.വി. ദിനകരന് നയിക്കുന്ന അമ്മ മക്കള്‍ മുന്നേറ്റ കഴകമാണ് വഴിയാധാരമായത്. ശശികലയുടെ ജയിലില്‍നിന്നുള്ള തിരിച്ചുവരവ് ദിനകന്റെ അണികളില്‍ ഉണര്‍വ് പകര്‍ന്നിരുന്നു. എന്നാൽ ശശികലയുടെ കുടുംബത്തില്‍ ടി.ടി.വി. ദിനകരനെതിരെ നേരത്തേതന്നെ കടുത്ത എതിര്‍പ്പുകളുണ്ടായിരുന്നു. ശശികലയുടെ സഹോദരന് ദിവാകരനാണ് പലപ്പോഴും ദിനകരനെതിരെ പരസ്യമായി വിമര്‍ശിച്ച് രംഗത്തുവന്നത്.
ശശികലയുടെ കുടുംബത്തിന്റെ അധീനതയിലുള്ള 2000 കോടിയിലധികം വിലമതിപ്പുള്ള സ്വത്തുക്കള്‍ കേന്ദ്ര ആദായനികുതി വകുപ്പ് നേരത്തേ മരവിപ്പിച്ചിരുന്നു. നീലഗിരി ജില്ലയിലെ കോടനാട് എസ്റ്റേറ്റ്, ചെന്നൈക്ക് അടുത്ത ശിറുതാവൂര് ബംഗ്ലാവ് തുടങ്ങിയവക്ക് പുറമെ പോയസ്ഗാര്‍ഡനില്‍ ജയലളിതയുടെ വേദനിലയം വസതിക്ക് എതിര്‍വശത്തായി 22,460 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ബംഗ്ലാവും മരവിപ്പിച്ച സ്വത്തുക്കളില്‍ ഉള്‍പ്പെടും. പ്രസ്തുത കെട്ടിടത്തിലും ഐ .ടി അധികൃതര്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.
ജയില്‍ മോചനത്തിനുശേഷം ഈ ബംഗ്ലാവിലാണ് ശശികല താമസിക്കാന്‍ പദ്ധതിയിട്ടിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യം പരാജയപ്പെട്ടാല്‍ അതിന്റെ പാപഭാരം മുഴുവന്‍ ശശികലയുടെ മീതെ അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കുകയെന്ന തന്ത്രവും ഈ നിലപാടിന് പിന്നിലുണ്ട്. അണ്ണാ ഡി.എം.കെ നേതാക്കളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും മതിയായ പിന്തുണ ഉണ്ടാവാതിരുന്നതും ശശികലയെ നിരാശപ്പെടുത്തിയിരുന്നു.
Post Your Comments