KeralaLatest News

‘ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ല, നല്ല ചങ്കൂറ്റമുള്ളവരാണ് ‘ ഡിസിപി സസ്‌പെന്‍ഡ് ചെയ്ത പോലീസുകാരൻ

പൊലീസ് സ്റ്റേഷന്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു രഘുവിന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ പൊലീസുകാര്‍ തന്നെ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കിയത്.

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്കായി ചായയും ലഘുഭക്ഷണവും ഒരുക്കിയതിന്റെ പേരില്‍ ഡിസിപി ഐശ്വര്യ ഡോങ്‌റെ സസ്‌പെന്‍ഡ് ചെയ്ത പൊലീസുദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു.

‘മരണം കൊണ്ട് എല്ലാം അവസാനിക്കുമോ… ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ല. നല്ല ചങ്കൂറ്റമുള്ളവരാണ്’, എന്നാണ് രഘു ഫേസ്ബുക്കില്‍ കുറിച്ചത്.

രഘുവിന്റെ പോസ്റ്റ് ഇതിനോടകം തന്നെ പൊലീസുകാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. രഘുവിനോടൊപ്പം നില്‍ക്കണമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇരുപതിലധികം ഗുഡ് സര്‍വ്വീസ് എന്‍ട്രികള്‍ നേടിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസമാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ വൈന്‍ഡിംഗ് മെഷീന്‍ ഉള്‍പ്പെടെ സ്ഥാപിച്ചത് മേലുദ്യോഗസ്ഥരെ അറിയിക്കാതെയാണെന്ന് ആരോപിച്ച് പിഎസ് രഘുവിനെ ഡിസിപി ഐശ്വര്യ ഡോങ്‌റെ സസ്‌പെന്‍ഡ് ചെയ്തത്.

പൊലീസ് സ്റ്റേഷന്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു രഘുവിന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ പൊലീസുകാര്‍ തന്നെ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നല്‍കുന്ന പദ്ധതി നടപ്പാക്കിയത്. ഇതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുവരെ അഭിനന്ദനമെത്തിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി. പൊലീസ് പൊതുജനങ്ങളുമായി സൗഹൃദത്തില്‍ മുന്നോട്ടുപോകണമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ‘അക്ഷയപാത്രം’ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കിയത്.

മേലുദ്യോഗസ്ഥരെ അറിയിക്കാതെ പദ്ധതി ഉദ്ഘാടനം ചെയ്‌തെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നും ആരോപിച്ചായിരുന്നു ഡിസിപിയുടെ നടപടി. പൊലീസുകാരനെതിരെ പണപ്പിരിവ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണത്തിന് നാര്‍ക്കോട്ടിക്‌സ് സെല്‍ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഉദ്ഘാടനത്തിന് ഡിസിപിയെ ക്ഷണിക്കാത്തതിന്റെ ദേഷ്യമാണ് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നിലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നേരത്തെയും മാതൃകാപരമായ പ്രവൃത്തിയിലൂടെ പിഎസ് രഘു ശ്രദ്ധ നേടിയിരുന്നു. കൊവിഡ് ഭീതി സമയത്ത് നെടുമ്പാശേരി വിമാനത്താവള പരിസരത്തു വെച്ച് പഴ്സ് നഷ്ടപ്പെട്ട ഫ്രഞ്ച് വനിതയെ കൊവിഡ് ഉണ്ടെന്ന് ഭയന്ന് ആളുകള്‍ അകറ്റി നിര്‍ത്തിയതോടെ രഘുവെത്തി ഇവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുകയും ഫ്രഞ്ച് എംബസിയെ അറിയിച്ച് സഹായമെത്തിക്കുകയും ചെയ്തിരുന്നു. ഇവര്‍ കയറിയ ഓട്ടോ സിസിടിവി ഉപയോഗിച്ച് കണ്ടെത്തി പഴ്സ് ഇവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അന്ന് കൊച്ചി ഐജിയായിരുന്ന വിജയ് സാഖറെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കി ഇദ്ദേഹത്തെ അനുമോദിച്ചിരുന്നു.

അതേസമയം ഇത് ആദ്യമായല്ല കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ വിവാദത്തിലകപ്പെടുന്നത്. പാറാവുനിന്ന പൊലീസുദ്യോഗസ്ഥ മഫ്തിയിലെത്തിയ ഐശ്വര്യയെ തടഞ്ഞതില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരെ ഇവര്‍ നടപടി സ്വീകരിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സ്റ്റേഷനില്‍ എത്തുന്ന എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിക്കണമെന്ന നിര്‍ദ്ദേശ പ്രകാരമാണ് താന്‍ പെരുമാറിയതെന്നും മഫ്തിയിലെത്തിയ ഡിസിപിയെ തിരിച്ചറിഞ്ഞിരുന്നില്ലെന്നും ഉദ്യോഗസ്ഥ വിശദീകരണം നല്‍കിയിട്ടും പൊലീസുകാരിയെ ഐശ്വര്യ ഡോങ്‌റെ പാറാവ് ജോലിയില്‍നിന്നും ട്രാഫിക്കിലേക്ക് മാറ്റിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button