ദോഹ: കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിന് രാജ്യത്ത് ഇന്നലെ 263 പേർക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തിരിക്കുന്നു. മാസ്ക് ധരിക്കാത്തതിനാണ് 241 പേർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. രാജ്യത്ത് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് 21 പേർക്കെതിരെയും നടപടിയുണ്ടായി. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചതാണ്.
പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്താൽ ചുരുങ്ങിയ പിഴ ആയിരം റിയാൽ ആണ് പിഴയായി ഇടക്കുന്നത്. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ അതേസമയം പലരും ഇതിൽ വീഴ്ചവരുത്തുന്നുണ്ട്. ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക.
Post Your Comments