കോട്ടയം: വിതുരക്കേസിലെ പീഡകന് 24 വർഷം കഠിനതടവും 1, 09,000 രൂപ പിഴയും വിധിച്ചു കോടതി ഉത്തരവ്. ‘തന്നെ അത്രയേറെ ദ്രോഹിച്ച ഈ മുഖം എനിക്ക് മറക്കാനാവില്ല’, മുഖ്യപ്രതിയായ സുരേഷിനെ വിചാരണ വേളയിൽ കണ്ടപ്പോൾ ഇരയായ പെൺകുട്ടി കോടതി മുൻപാകെ വിളിച്ച് പറഞ്ഞ വാക്കുകളാണിത്.
ഒന്നാം പ്രതി കൊല്ലം ജുബൈറാ മൻസിലിൽ സുരേഷെന്ന ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാ(52)ന് കോട്ടയം പ്രത്യേക കോടതി ജഡ്ജി ജോൺസൺ ജോൺ ആണ് ശിക്ഷ വിധിച്ചത്.
പ്രായപൂർത്തിയാകാത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും 10 ദിവസം തടങ്കലിൽ വെച്ച് പീഢിപ്പിക്കുകയും മറ്റുള്ളവർക്ക് പീഢിപ്പിക്കാൻ അവസരമൊരുക്കുകയും, അതിനായി കേന്ദ്രമൊരുക്കുകയും ചെയ്തയാളാണ് പ്രതി.
അജിതാ ബീഗം എന്ന അകന്ന ബന്ധു പെൺകുട്ടിയെ 1995 നവംബർ 21ന് വീട്ടിൽ നിന്നിറക്കി കൊണ്ടുവരികയും ഒന്നാം പ്രതി സുരേഷിന് കൈമാറുകയും 1996 ജൂലൈ വരെ ആറു മാസക്കാലം കേരളത്തിന് പുറത്തും അകത്തുമായി പലർക്കും കാഴ്ചവെക്കുകയുമായിരുന്നു. അജിതാ ബീഗം അന്വേഷണ ഘട്ടത്തിൽ വാഹനാപകടത്തിൽ മരിച്ചു.
Also Read:വിതുര പീഡനക്കേസ്: ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവ്, 1,09,000 രൂപ പിഴയും
ജൂലൈ 16ന് പെൺകുട്ടിയെ കേസിലുൾപ്പെട്ട സണ്ണിക്കൊപ്പം എറണാകുളം സെൻട്രൽ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പെൺകുട്ടി 23 ന് ജാമ്യത്തിലിറങ്ങിയ ശേഷം നല്കിയ മൊഴിയിലാണ് പീഡന പരമ്പര സംബന്ധിച്ച കാര്യം തുറന്ന് പറഞ്ഞത്. ആകെ 24 കേസുകളാണ് സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്തത്. രണ്ടു ഘട്ടങ്ങളിലായി നടന്ന വിചാരണയിൽ 36 പേരെ പ്രതികളല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. വിചാരണ നടത്തിയ കേസുകളിലെ പ്രതികളെയെല്ലാം വിട്ടയച്ചതോടെയാണ് ഇയാൾ പോലീസിൽ കീഴടങ്ങുന്നത്. മൂന്നാം ഘട്ടത്തിൽ, വിചാരണ വേളയിലാണ് പെൺകുട്ടി സുരേഷിനെ തിരിച്ചറിയുന്നത്. പ്രോസിക്യൂഷന് വേണ്ടി രാജഗോപാൽ പടിപ്പുര ഹാജരായി.
Post Your Comments