ന്യൂഡല്‍ഹി : പ്രധാനമന്ത്രി ഇന്ത്യന്‍ മേഖല ചൈനയ്ക്കു നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫിംഗര്‍ ഫോര്‍ ആണ് ഇന്ത്യയുടെ പോസ്റ്റ്. അത് ഫിംഗര്‍ ത്രീ ആയി മാറി. ഇതെന്തിനാണെന്ന് പ്രതിരോധമന്ത്രി മറുപടി പറയണം. ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്കു വിട്ടു നല്‍കി. രാജ്യത്തിന് ഉത്തരം നല്‍കാന്‍ മോദി തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്തു കൊണ്ടാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്താത്തത്. ചൈന അതിക്രമിച്ചു കയറി സുപ്രധാന നയതന്ത്ര മേഖലയായ ഡെസ്പാങ് പ്ലെയിന്‍സിനെക്കുറിച്ചു പ്രതിരോധമന്ത്രി ഒരു വാക്കു പോലും പറയുന്നില്ല. ഇന്നലെ കിഴക്കന്‍ ലഡാക്കിനെക്കുറിച്ച് പ്രതിരോധമന്ത്രി ഒരു പ്രസ്താവന ഇറക്കിയിരുന്നു. നമ്മുടെ സൈന്യം ഫിംഗര്‍ 3ല്‍ നിലയുറപ്പിക്കുമെന്നായിരുന്നു ഇത്. ഫിംഗര്‍ 4 ആണ് നമ്മുടെ മേഖല. ഇപ്പോള്‍ നാലില്‍ നിന്ന് മൂന്നിലേക്കാണ് നമ്മള്‍ മാറിയത്.
എന്തുകൊണ്ടാണ് നമ്മുടെ മേഖല മോദി ചൈനയ്ക്കു നല്‍കിയത്. ചൈനയുടെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ മോദിക്ക് പേടിയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയും ത്യാഗവും പാഴാക്കുന്നു. സൈന്യത്തിന്റെ ത്യാഗത്തെ അദ്ദേഹം ചതിയ്ക്കുകയാണ്. ഇന്ത്യയിലെ ഒരാളും ഇത് അനുവദിക്കരുത്. മൂന്നു സേനാവിഭാഗങ്ങളും ചൈനയെ നേരിടാന്‍ തയ്യാറാണ്. മാധ്യമങ്ങള്‍ സത്യം പുറത്തു കൊണ്ടു വരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
Post Your Comments