തൊടുപുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ തന്നെ മത്സരിക്കാനൊരുങ്ങി പി.സി.ജോർജ്. പൂഞ്ഞാറിൽ മത്സരിക്കുമെന്നും 35000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്ന വിശ്വാസമുണ്ടെന്നും പി.സി.ജോർജ്ജ് പറഞ്ഞു.
പൂഞ്ഞാറിലെ വോട്ടർമാരെ വിശ്വസിക്കുന്നതു പോലെ പാലായിലെ വോട്ടർമാരിലും പ്രതീക്ഷയുണ്ട്. പാലയിൽ താൻ മത്സരിച്ചാൽ വിജയമുറപ്പാണെന്നും പി.സി.ജോർജ്ജ് പറഞ്ഞു.യു.ഡി.എഫിൽ താൻ ചേരുന്നതിനെ ഒരു കക്ഷിയുമെതിർക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണികളുടെ സഹായമില്ലെങ്കിലും പൂഞ്ഞാറിൽ ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പി.സി.
തിരഞ്ഞെടുപ്പിൽ മകൻ ഷോൺ ജോർജ്ജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും കേരള കോൺഗ്രസുൾപ്പെടെ ഒരു പാർട്ടിയിലും കേരള ജനപക്ഷം (സെക്യുലർ) ചേരില്ലെന്നും പി.സി.ജോർജ്ജ് പറഞ്ഞു. കോൺഗ്രസ് ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനും സിപിഎമ്മിനുമായിരിക്കും നേട്ടം. അതിനാൽ, തമ്മിലടിയൊക്കെ നിർത്തി ഒറ്റക്കെട്ടായി യു.ഡി.എഫിനെ മുന്നോട്ടു നയിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്ന ഉപദേശമാണ് പി സി മുന്നോട്ട് വെയ്ക്കുന്നത്.
Post Your Comments