ഇന്‍ഡോര്‍ : അദ്ഭുതകരമായ കാഴ്ചകളാണ് മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ബജ്നയില്‍ പുരാവസ്തു വകുപ്പ് മണ്ണിനടിയില്‍ നിന്ന് ഒരു ശിവക്ഷേത്രം ഖനനം ചെയ്ത് എടുത്തപ്പോള്‍ കാണാന്‍ സാധിച്ചത്. 12-ാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന മനോഹരമായ ക്ഷേത്രമാണ് ഖനനത്തിലൂടെ പുറത്തെടുത്തത്. പത്തു മുതല്‍ 13-ാം നൂറ്റാണ്ടു വരെ മാള്‍വ ഭരിച്ചിരുന്നത് പര്‍മാര്‍ വംശമാണ്. ഇവര്‍ ശൈവ ഭക്തരാണ്. അക്കാലത്ത് നിര്‍മ്മിച്ചതാണ് ക്ഷേത്രമെന്നാണ് സൂചന.
2019ല്‍ ഖനനം തുടങ്ങിയ സമയത്ത് മണ്ണിനടിയില്‍ ഒരു തൂണിന്റെ തല ഭാഗം തെളിഞ്ഞു വന്നിരുന്നു. തുടര്‍ന്ന് വിപുലമായ ഉദ്ഖനനത്തിന് അനുമതി തേടി. 2020 ഒക്ടോബറില്‍ അനുമതിയും ലഭിച്ചു. എന്നാല്‍, കൊറോണ കാരണം നടപടി വൈകി. ഡിസംബറിലാണ് ഉദ്ഖനനം തുടങ്ങിയത്. ഈ മാസം അവസാനം ഇത് കഴിയും. അമ്പതിലേറെ ലോഡ് മണ്ണും കല്ലും ചെളിയും നീക്കിയതോടെയാണ് ക്ഷേത്രവും കരകൗശല വസ്തുക്കളും തെളിഞ്ഞു വന്നത്. ഇനിയും കുറഞ്ഞത് 20 ലോഡ് മണ്ണു കൂടി നീക്കാനുണ്ട്. ഇതോടെ കൂടുതല്‍ പുരാവസ്തുക്കള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
12-ാം നൂറ്റാണ്ടിലേതെന്നു കരുതുന്ന മനോഹരമായ ക്ഷേത്രമാണ് ഉദ്ഖനനത്തില്‍ തെളിഞ്ഞു വന്നതെന്നും ഖജുരാഹോ ക്ഷേത്രത്തിലേതിന് സമാനമായ 250ലേറെ കരകൗശല വസ്തുക്കള്‍ ഇവിടെ നിന്ന് ലഭിച്ചതായും ഉദ്ഖനനത്തിന് നേതൃത്വം നല്‍കുന്ന ഡോ.ഡി.പി പാണ്ഡെ അറിയിച്ചു. ഇവിടെ നിന്ന് തികച്ചും വ്യത്യസ്തങ്ങളായ നൂറ് പ്രതിമകളും ലഭിച്ചിട്ടുണ്ട്. മാള്‍വ മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രമായിരുന്നു ഇതെന്ന് കരുതുന്നു. ക്ഷേത്രത്തിന് 51 കൂറ്റന്‍ തൂണുകളാണുള്ളത്.
പര്‍മാര്‍ വംശരുടെ ഭരണ കാലത്ത് മനോഹരമായി കല്ലില്‍ കൊത്തിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ശിവന്‍, പാര്‍വ്വതി, വൈഷ്ണവി, വിഷ്ണു, മഹേശ്വരി, ഭൈരവന്‍ തുടങ്ങിയ ശിലാ വിഗ്രഹങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇവയില്‍ പലതും സ്ത്രീകളാണ് കൊത്തിയുണ്ടാക്കിയിട്ടുള്ളത്. വലിയ വിഗ്രഹത്തിന് ഒരു മീറ്റര്‍ പത്തു സെന്റിമീറ്റര്‍ ഉയരവും ഏറ്റവും ചെറിയ വിഗ്രഹത്തിന് 30 സെന്റിമീറ്ററുമാണ് വലിപ്പം. ചുവന്ന കല്ല് കൊണ്ടാണ് ക്ഷേത്രം പണിതിട്ടുള്ളത്.
Post Your Comments