ഹൈദരാബാദ് : നാല്‍പ്പത് വര്‍ഷത്തോളം പഴക്കമുള്ള വേപ്പ് മരം ഒറ്റ രാത്രി കൊണ്ട് മുറിച്ച് നീക്കിയ ആള്‍ക്ക് പിഴ. ഹൈദരാബാദ് സ്വദേശി ജി.സന്തോഷ് റെഡ്ഡിയ്ക്കാണ് തെലങ്കാന വനംവകുപ്പ് 62,075 രൂപ പിഴ ചുമത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ വനംവകുപ്പ് നടപടിയെടുത്തത്.
പുതിയ വീടിന്റെ നിര്‍മ്മാണത്തിന് തടസമാകുന്നു എന്ന് പറഞ്ഞാണ് ഇയാള്‍ മരം മുറിച്ച് നീക്കിയത്. മരം മുറിച്ച് മാറ്റിയത് ശ്രദ്ധയില്‍ പെട്ട എട്ടാം ക്ലാസുകാരന്‍ വനംവകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഒഴിവാക്കിയത്, ഒഴിവാക്കാത്തത് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് തെലങ്കാനയില്‍ മരങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഏത് വിഭാഗത്തില്‍പ്പെട്ട മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്.
‘ ഗ്രീന്‍ ബ്രിഗേഡിയര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആ വിദ്യാര്‍ഥി, മരം വെട്ടി മാറ്റലിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്.’ -ഹൈദരാബാദ് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ എം.ജോജി അറിയിച്ചു.
മരം മുറിച്ച് മാറ്റിയ ശേഷം തെളിവുകള്‍ നശിപ്പിയ്ക്കാനും റെഡ്ഡി ശ്രമിച്ചിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. സംശയം ഒഴിവാക്കുന്നതിനായി മരത്തിന്റെ ശിഖരങ്ങളും മറ്റും കത്തിച്ചു കളയാനുള്ള ശ്രമമാണ് നടന്നത്. എന്നാല്‍ കയ്യോടെ പിടിക്കപ്പെട്ട ഇയാള്‍ പിഴത്തുക അടയ്ക്കുകയും ചെയ്തു. സംഭവത്തില്‍ ഉത്തരവാദിത്വപരമായി പെരുമാറിയ വിദ്യാര്‍ഥിയെ വനംവകുപ്പ് അധികൃതര്‍ അഭിനന്ദിച്ചു.
Post Your Comments