തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മണിക്കൂറുകള്‍ക്കുളളില്‍ നിലപാട് മാറ്റി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണെന്ന നിലപാടാണ് ബേബി പിന്‍വലിച്ചത്.
സത്യവാങ്മൂലം കൊടുക്കുന്നു എന്ന നിലയില്‍ താന്‍ പറഞ്ഞുവെന്ന പ്രചാരണം തന്റെയോ പാര്‍ട്ടിയുടെയോ കാഴ്ചപ്പാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ പറഞ്ഞ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ബേബി നിലപാട് മാറ്റിയത്. ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി ബേബിയോട് ആവശ്യപ്പെട്ടതായാണ് സൂചന. സുപ്രീംകോടതിയുടെ വിശാല ബെഞ്ച് കേസ് പരിഗണിയ്ക്കാന്‍ ഇരിയ്ക്കുമ്പോള്‍ ഒരു സംസ്ഥാന നിയമസഭയില്‍ തങ്ങള്‍ അക്കാര്യത്തില്‍ നിയമം കൊണ്ടു വരാന്‍ പോകുന്നു എന്നുളളത് മൗഢ്യമാണെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്നുമായിരുന്നു നേരത്തെ എം എ ബേബി പറഞ്ഞിരുന്നത്. ആവശ്യമെങ്കില്‍ എല്ലാവരോടും ആലോചിച്ച് പുതിയ നിലപാട് അറിയിക്കുമെന്നും എം എ ബേബി പറഞ്ഞിരുന്നു.
Post Your Comments