ന്യൂഡല്‍ഹി: രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഫെബ്രുവരി 15 ന് കാലവധി അവസാനിച്ച് രാജ്യസഭയുടെ പടിയിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം കണ്ണെറിയുന്നതും കേരളത്തിലേക്കാണ്. കേരളത്തില്‍ നിന്നും വീണ്ടും ഗുലാം നബി ആസാദിനെ രാജ്യസഭയില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
എന്നാൽ ഏപ്രില്‍ 21-നാണ് കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകള്‍ ഒഴിവു വരുന്നത്. ഒരു സീറ്റ് യു.ഡി.എഫിന് ലഭിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആസാദിനെ രാജ്യസഭയിലെത്തിക്കാന്‍ ഹൈക്കമാന്‍ഡ് പദ്ധതിയിടുന്നത്. വയലാര്‍ രവിയുടെ രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ് ആസാദിനെ പരിഗണിക്കുന്നത്. രാജ്യസഭ കക്ഷി നേതാവ് ആയതിനാല്‍ തന്നെ ആസാദിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
അതേസമയം, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്. ഗുലാം നബി ആസാദ് വിരമിക്കുന്ന സാഹചര്യത്തില്‍ പി. ചിദംബരം, ആനന്ദ് ശര്‍മ്മ, ദ്വിഗ് വിജയ് സിങ് അടക്കമുള്ളവരാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ലക്ഷ്യമിട്ട് രംഗത്തെത്തിയിട്ടുള്ളത്. ഫെബ്രുവരി 15 ന് ഗുലം നബി ആസാദ് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പടി ഇറങ്ങും. രാജ്യസഭാ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഗുലാം നബി ആസാദിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമം എന്നാല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഒന്നിലധികം നേതാക്കള്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതാണ് സാഹചര്യത്തെ സങ്കീര്‍ണമാക്കിയത്.
പി. ചിദംബരം, ആനന്ദ് ശര്‍മ്മ, ദ്വിഗ് വിജയ് സിങ് എന്നിവര്‍ താത്പര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ ഇവരില്‍ ആരെങ്കിലും രാജ്യസഭാ അധ്യക്ഷനാകുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് താത്പര്യം ഇല്ല. ലോക്സഭയിലെ മുന്‍ സഭാനേതാവ് കൂടിയായിട്ടുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗേയെ ആണ് കോണ്‍ഗ്രസ് അധ്യക്ഷ പിന്തുണയ്ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷ കൈക്കൊണ്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ പറയുന്നത്. പാര്‍ട്ടിയില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നും കോണ്‍ഗ്രസ് വക്താക്കള്‍ വ്യക്തമാക്കി.
Post Your Comments