ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക രാജ്യങ്ങള്‍ക്ക് ആവശ്യമായ കോവിഡ് വാക്‌സിന്റെ 70 ശതമാനവും നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചിരിയ്ക്കുന്നത്. രണ്ട് കോവിഡ് വാക്‌സിനുകളാണ് ഇതിനായി രാജ്യം ഉപയോഗിയ്ക്കുന്നത്. നാല് കോവിഡ് വാക്‌സിനുകള്‍ അന്തിമ ഘട്ടത്തിലാണ്. രാജ്യത്ത് ആരംഭിച്ച കോവിഡ് പ്രാരംഭ ചികിത്സാ കേന്ദ്രത്തിന്റെ ( എഫ്.എല്‍.ടി.സി ) മാതൃക 170 രാജ്യങ്ങള്‍ പിന്‍തുടരുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ 130 കോടി ജനങ്ങള്‍ ഒത്തൊരുമിച്ചാണ് കോവിഡിനെ പ്രതിരോധിച്ചത്. ലോകത്തെവിടെയും ഇത്തരമൊരു മാതൃക കാണാനാകില്ല. ” – അമിത് ഷാ പറഞ്ഞു.
കോവിഡ് മുക്ത നിരക്ക് ഇന്ത്യയില്‍ ക്രമാനുഗതമായി ഉയര്‍ന്നിട്ടുണ്ട്. അതിനൊപ്പം മരണ നിരക്ക് കുറയ്ക്കാനും നമുക്ക് കഴിഞ്ഞു. ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പ്രധാനമന്ത്രി രാജ്യത്തെ പ്രാപ്തമാക്കി. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തെ ആരോഗ്യ മേഖലയെ ശാക്തീകരിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞു. മഹാമാരിയ്ക്കിടയിലും ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം റോക്കറ്റ് വേഗത്തിലാണ് കുതിച്ചുയര്‍ന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
Post Your Comments