തിരക്കിട്ട് വായില്‍ കുത്തിനിറച്ച് ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും മുതിര്‍ന്നവര്‍ നിങ്ങളെ ശകാരിച്ചിട്ടുണ്ടാകാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്തുകൊണ്ടായിരിക്കാം ഇത്തരത്തില്‍ ഭക്ഷണം തിരക്കിട്ട് കഴിക്കരുത് എന്ന് പറയുന്നത്! എങ്ങനെയാകാം അങ്ങനെ തിരക്കിട്ട് ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ദോഷമാകുന്നത്! പ്രധാനപ്പെട്ട ചില കാരണങ്ങള്‍ മനസിലാക്കാം.
നമ്മള് ഭക്ഷണം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കാനും, ഊര്ജ്ജസ്വലതയുണ്ടാകാനുമെല്ലാമാണ്. അതെല്ലാം ശരി, എന്നാല്‍ ശരീരത്തിന് ഭക്ഷണം കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം അവയില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങളും മറ്റ് അവശ്യഘടകങ്ങളും വേര്‍തിരിച്ചെടുക്കുക എന്നതാണ്.
ധൃതിയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇത്തരത്തില്‍ ഭക്ഷണത്തില്‍ നിന്ന് വേണ്ട ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ ശരിയാംവണ്ണം നടക്കാതെ പോകുന്നു. എന്നുവച്ചാല്‍ ഭക്ഷണം കൊണ്ട് താല്ക്കാലികമായ ആശ്വാസമുണ്ടാകുന്നു എന്നതൊഴിച്ചാല്‍ വലിയ ഗുണങ്ങള്‍ ലഭിക്കാതെ പോകാമെന്ന്. ഇതുകൊണ്ടാണ്, തിരക്കിട്ട് കഴിച്ചാല്‍ തടിയില്‍ കാണില്ലെന്ന് മുതിര്‍ന്നവര്‍ ഉപദേശിക്കുന്നതിന് പിന്നിലെ കാരണം.
രണ്ടാമതായി, വിശന്നിരിക്കുമ്പോള്‍ വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ ഒരുപാട് അളവ് ഭക്ഷണം നമ്മള് അകത്താക്കാന്‍ സാധ്യതയുണ്ട്. ശരീരത്തിന് ഒരു നേരം ആവശ്യമായ ഭക്ഷണത്തിന്റെ അളവ് എന്നത്, ഒരാളുടെ ആകെ ആരോഗ്യത്തേയും അപ്പോഴത്തെ അവസ്ഥയേയുമെല്ലാം അടിസ്ഥാനപ്പെടുത്തിയായിരിക്കും. എങ്കില്‍പ്പോലും മിക്കവാറും വിശന്നിരിക്കുമ്പോള്‍ നമ്മള് അളവില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചുപോകുന്നു എന്നതാണ് സത്യം.
ശരീരത്തിന് വേണ്ടുന്നയത്രയും ഭക്ഷണം വയറ്റിലെത്തിയാല് തലച്ചോറിലേക്ക് അതനുസരിച്ചുള്ള സിഗ്നല്‍ എത്തും. എന്നാല്‍, തിരക്കിട്ട് കഴിക്കുമ്പോള്‍ വയറ് നിറഞ്ഞോ, ഭക്ഷണം മതിയായോ എന്ന് പോലും മനസിലാക്കാന്‍ നമുക്ക് കഴിയില്ല. എന്നുവച്ചാല്‍ സമയത്തിന് തലച്ചോറിലേക്ക് സിഗ്നല്‍ എത്തുന്നില്ലെന്ന് സാരം.
Post Your Comments