മട്ടന്നൂര്‍ : കല്ലൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. വിഗ്രഹത്തില്‍ അണിഞ്ഞ മാല, പതക്കം, ഓഫിസില്‍ സൂക്ഷിച്ചിരുന്ന നിത്യനിദാന കിരീടങ്ങള്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എസ്.ഐ ഷിബുവിൻറെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
ക്ഷേത്രത്തിലെ ശ്രീകോവിൽ, ചുറ്റമ്പലം, അഗ്രശാല, വഴിപാട് കൗണ്ടർ എന്നിവയുടെയും പൂട്ട് തകർത്തു അകത്തുകയറിയും ഭണ്ഡാരങ്ങൾ പൊളിച്ചുമാണ് കവർച്ച നടത്തിയത്. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിൽ പൂജ നടത്താനെത്തിയ പൂജാരിയും വഴിപാട് കൗണ്ടർ ജീവനക്കാരനുമാണ് ശ്രീകോവിലിന്റേതുൾപ്പെടെ വാതിൽ തുറന്നിട്ടനിലയിൽ കണ്ടത്. തുടർന്നു ക്ഷേത്രം ഭാരവാരവാഹികളെ വിവരമറിയിക്കുകയും ക്ഷേത്രം പ്രസിഡന്റ് കെ.വി.രാമചന്ദ്രൻ മട്ടന്നൂർ പോലീസിൽ പരാതി നൽകുകയമായിരുന്നു.
ശ്രീകോവിലിനുള്ളിൽ വിഗ്രഹത്തിൽ ചാർത്തിയ സ്വർണപ്പതക്കവും മൂന്ന് വെള്ളി കിരീടവുമാണ് മോഷണം പോയത്. ക്ഷേത്രത്തിനു പിന്നിലൂടെ കയറിയ മോഷ്ടാക്കൾ ചുറ്റമ്പലത്തിന്റെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് അകത്തുകയറിയത്. ശ്രീകോവിലിൽനിന്ന് എട്ടുഗ്രാം വരുന്ന സ്വർണപ്പതക്കവും വെള്ളി മാലയും ഒരു ലക്ഷം രൂപ വിലവരുന്ന ഒരു കിലോയുടെ കല്ലു പതിച്ച വെള്ളി കിരീടം, 600 ഗ്രാമിന്റെ അയ്യപ്പന്റെ വെള്ളി കിരീടം, 500 ഗ്രാമിന്റെ ഗണപതിയുടെ വെള്ളി കിരീടം, മേശയിൽ സൂക്ഷിച്ച 25,000 രൂപ തുടങ്ങിയവയാണ് മോഷണം പോയത്.
സംഭവത്തിൽ പോലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ക്ഷേത്രം പ്രസിഡന്റ് കെ.വി.രാമചന്ദ്രൻ പറഞ്ഞു.
Post Your Comments