ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് 2021, കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ‘മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. രോഗബാധിതമായ സമ്പദ് വ്യവസ്ഥയ്ക്ക് സര്‍ക്കാരിന്റെ കൈത്താങ് ആവശ്യമാണ്, സാമൂഹ്യ അകല നടപടികളും കൊവിഡിനെ തുടര്‍ന്നുളള ലോക്ക്ഡൗണുകളും കാരണം, സമ്പദ് വ്യവസ്ഥയുടെ പല മേഖലകളും സമ്മര്‍ദ്ദത്തിലായിരുന്നു, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 23.9 ശതമാനം ചുരുങ്ങി. മാത്രമല്ല, വളര്‍ച്ചാ മുരടിപ്പിന്റെ സമ്മര്‍ദ്ദ സാഹചര്യത്തില്‍ നിന്ന സമ്പദ് വ്യവസ്ഥയെയാണ് കൊവിഡ് പിടികൂടിയത്. ജിഡിപി വളര്‍ച്ച 2019-20ല്‍ 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.2 ശതമാനത്തിലെത്തിയിരുന്നു.
ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍, പകര്‍ച്ചവ്യാധി മൂലമുണ്ടായ വിവിധ സാമ്പത്തിക മേഖലകളിലെ സമ്മര്‍ദ്ദത്തോടൊപ്പം, 2021 ബജറ്റില്‍ സര്‍ക്കാരിന് ചില പ്രധാന പ്രശ്നങ്ങളെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. സാമ്പത്തിക സര്‍വേ 2021 പ്രവചിച്ച 11 ശതമാനം വളര്‍ച്ചാ നിരക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ശുഭാപ്തിവിശ്വാസം നല്കുന്നു. 2021 ലെ ബജറ്റില്‍ ധനമന്ത്രാലയം കൈകാര്യം ചെയ്യേണ്ട വെല്ലുവിളികളില്‍ ചില പ്രധാന കാര്യങ്ങള്‍:
ആരോഗ്യ മേഖലയുടെ ആവശ്യങ്ങള്‍
രാജ്യത്തെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ സംവിധാനങ്ങളുടെ അപര്യാപ്തതകള്‍ കൊവിഡ്-19 തുറന്നുകാട്ടി. ദേശീയ ആരോഗ്യ ദൗത്യത്തിനുള്ള വിഹിതം വര്‍ദ്ധിപ്പിക്കുകയും പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായുളള പദ്ധതികള്‍ വീണ്ടും കേന്ദ്രീകരിക്കുകയും വിപുലീകരിക്കുകയും വേണം. ആരോഗ്യ സംരക്ഷണ ചെലവ് മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 2.5-3 ശതമാനമായി ഉയര്‍ത്തണമെന്ന് സാമ്പത്തിക സര്‍വേ 2021 അഭിപ്രായപ്പെട്ടിട്ടുളളതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. </p>
സാമ്പത്തിക മേഖലകളുടെ സമ്മര്‍ദ്ദം
കൊവിഡ് -19 ലോക്ക്ഡൗണുകള്‍ ജനക്കൂട്ടത്തിലോ ഒത്തുചേരലിലോ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക മേഖലകളെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബാങ്ക് വായ്പാ രംഗം എന്നിവ ആവശ്യാനുസരണം പുനരുജ്ജീവിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് റേറ്റിംഗ് ഏജന്‍സികള്‍ അഭിപ്രായപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്.
ബാങ്കിങ് പരിഷ്കരണവും മൊറട്ടോറിയവും
സാമ്പത്തിക മേഖലയ്ക്ക്, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കിംഗിന് അടിയന്തര പരിഷ്കാരങ്ങള്‍ ആവശ്യമാണ്. വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയത്തിന്റെ നീണ്ട കാലയളവിനുശേഷം മാത്രമേ ബാങ്കിംഗ് സംവിധാനത്തിലെ യഥാര്‍ത്ഥ സമ്മര്‍ദ്ദം അറിയാന്‍ കഴിയൂ, കൂടാതെ കാമത്ത് കമ്മിറ്റിയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി വായ്പകള്‍ പുന:സംഘടിപ്പിക്കുന്നതിന്റെ ആഘാതത്തെ സംബന്ധിച്ച ഫലവും വരും നാളുകളില്‍ മാത്രമേ അറിയാന്‍ സാധിക്കുകയൊള്ളു.
സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് ലക്ഷ്യത്തില്‍ നിന്ന് സര്‍ക്കാര്‍ ഇതിനകം 5 ലക്ഷം കോടി രൂപ വായ്പയെടുക്കല്‍ പരിധി വര്‍ദ്ധിപ്പിച്ചു. സ്വന്തം നികുതി, നികുതിയേതര സ്രോതസ്സുകളില്‍ എന്നിവയില്‍ നിന്നുള്ള വരുമാനനഷ്ടവും കേന്ദ്രത്തില്‍ നിന്നുളള നഷ്ടപരിഹാര വിതരണത്തിലെ വിടവ് നികത്താനുമായി 4 ലക്ഷം കോടി അധിക വായ്പയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയം സംസ്ഥാനങ്ങളെ അനുവദിച്ചിട്ടുണ്ട്. മൊത്തം നികുതി വരുമാനം അടുത്ത വര്‍ഷത്തിന്റെ ഗണ്യമായ ഭാഗത്തേക്ക് കുറയ്ക്കുന്നത് തുടരും.
എങ്കിലും, ഒക്ടോബര്‍ മുതല്‍ ജിഎസ്ടിയില്‍ നിന്നുള്ള പ്രതിമാസ വരുമാന വരവ് ഒരു ലക്ഷം കോടിയിലധികമാണെന്നത് കേന്ദ്ര ബജറ്റിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാരിന് ആശ്വാസകരമായ സാഹചര്യമാണ്, ഡിസംബറില്‍ 1.15 ലക്ഷം കോടി എന്ന റെക്കോര്‍ഡ് ജിഎസ്ടി വരുമാനവും സര്‍ക്കിരിന് ലഭിച്ചു.
Post Your Comments