ബര്‍മര്‍: കാമുകിയുടെ വീട്ടില്‍ നിന്നും കയ്യോടെ പിടികൂടിയതിനെ തുടർന്ന് പത്തൊമ്പതുകാരന്‍ നാണക്കേട് മൂലം പാക്കിസ്ഥാനിലേക്ക് ഒളിച്ചോടി. എന്നാല്‍ രക്ഷപ്പെട്ടോടിയെങ്കിലും എത്തിച്ചേര്‍ന്നത് പാക്കിസ്ഥാന്‍ പോലീസിന്റെ കൈയിലും.രാജസ്ഥാനിലെ ബര്‍മറില്‍ നിന്ന് കാണാതായ യുവാവ് ഇപ്പോള്‍ പാക് പോലീസിന്റെ കസ്റ്റഡിയിലാണെന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാൽ പത്തൊമ്പതുകാരന്‍ ജോധ്പൂരിലാണ് ജോലി ചെയ്യുന്നത്.നവംബര്‍ 16 മുതല്‍ യുവാവിനെ കാണാനില്ലെന്ന് കാണിച്ചാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.ഇയാള്‍ നാട്ടിലുള്ള കാമുകിയെ കാണാന്‍ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. ഇത്തരത്തില്‍ രഹസ്യ സമാഗമത്തിനെത്തിയപ്പോള്‍ കാമുകിയുടെ മാതാപിതാക്കള്‍ കയ്യോടെ പിടികൂടുകയായിരുന്നു. ഇതോടെ നാണക്കേട് ഭയന്ന് പാക്കിസ്ഥാനിലേക്ക് പോകുകയായിരുന്നു. പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന ഇയാളെ പാക് റേഞ്ചേര്‍സ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയായിരുന്നു.
അതേസമയം ബന്ധുക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ നവംബര്‍ അഞ്ചിന് ഇയാള്‍ നാട്ടിലെത്തിയതായും, വീട്ടില്‍ വരാതെ കാമുകിയുടെ വീട്ടിലേക്കാണ് പോയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടതോടെ പരിഭ്രാന്തനായ യുവാവ് അതിര്‍ത്തി കടക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.യുവാവ് പാക്കിസ്ഥാനിലേക്ക് പോയിരിക്കാമെന്ന സംശയത്തില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്സുമായി പല തവണ ഫ്ളാഗ് മീറ്റിങ് നടത്തിയിരുന്നുവെന്ന് ബിഎസ്‌എഫ് ഡിഐജി എംഎല്‍ ഗാര്‍ഗ് അറിയിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ സിന്ദ് പൊലീസിന്റെ കസ്റ്റഡിയില്‍ ഇയാളുണ്ടെന്ന വിവരം പാക് അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ വിട്ടു നല്‍കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതായി ബിഎസ്‌എഫ് അറിയിച്ചു.
Post Your Comments