KeralaLatest NewsNews

കടല്‍ക്കൊല കേസ്: 15 കോടി ചോദിച്ചു 10 തരാമെന്ന് ഇറ്റലി; നഷ്ടപരിഹാരം നല്‍കി കേസ് തീര്‍ക്കാന്‍ ശ്രമം

കപ്പല്‍ കരയിലേക്ക് എത്തിച്ച കേരള പൊലീസ് ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോര്‍ ജിറോണ്‍, മാസിമിലിയാനോ ലത്തോറെ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.

കൊച്ചി: 2012 ൽ ഇറ്റലിയന്‍ രണ്ട് നാവികരുടെ വെടിയേറ്റ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസിൽ തന്ത്രപരമായ നീക്കം. കേസിൽ 10 കോടി രൂപ നഷ്ടപരിഹാരം നല്‍കി അവസാനിപ്പിക്കുമെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാലുകോടി വീതവും, ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്‍കി കേസ് അവസാനിപ്പിക്കാനാണ് ഇറ്റലി സര്‍ക്കാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരും ശ്രമം തുടങ്ങിയിരിക്കുന്നത്.

കേരള സര്‍ക്കാര്‍ പതിനഞ്ച് കോടി രൂപ നഷ്ടപരിഹാരം ചോദിച്ചെങ്കിലും, പത്ത് കോടി മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് ഇറ്റലി അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ആര്‍ബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവിന് തുടര്‍ച്ചയായിട്ടായിരുന്നു ഈ നീക്കം.

എന്നാൽ 2020 മേയ് മാസത്തില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ആര്‍ബിറ്ററി ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. വെടിവച്ച ഇറ്റാലിയന്‍ നാവികരെ ഇന്ത്യയില്‍ വിചാരണ ചെയ്യാനാകില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ട്രിബ്യൂണലിന്റെ വിധിക്ക് വിരുദ്ധമായി കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ബോട്ടുടമയ്ക്കും മാത്രമായി നഷ്ടപരിഹാരം നല്കി കേസ് അവസാനിപ്പിക്കുന്നതിനെതിരെ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പതിനൊന്ന് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

2012 ലാണ് ഇറ്റലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. കപ്പല്‍ കരയിലേക്ക് എത്തിച്ച കേരള പൊലീസ് ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോര്‍ ജിറോണ്‍, മാസിമിലിയാനോ ലത്തോറെ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.

shortlink

Post Your Comments


Back to top button