ന്യൂഡല്‍ഹി : കൊറോണയ്ക്കും ലോക്ഡൗണിനും ശേഷമുള്ള കേന്ദ്രത്തിന്റെ ആദ്യത്തെ ബജറ്റ് അവതരണമാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനൊരുങ്ങുന്നത്. രാജ്യത്തെ താഴെത്തട്ടിലുള്ളവര്‍ മുതല്‍ ഉന്നത ശ്രേണിയില്‍ ഉള്ളവര്‍ വരെ ഇത്തവണത്തെ ബജറ്റ് വളരെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ജനകീയ ബജറ്റാകുമോ ഇത്തവണ അവതരിപ്പിക്കുക എന്നതാണ് എല്ലാ മേഖലകളില്‍ നിന്നും ഉയരുന്ന ചോദ്യം. ധനമന്ത്രി നിര്‍മല സീതാരാമന് ഇതിന് തയ്യാറായി കഴിഞ്ഞതായാണ് സൂചന.
ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സാമ്പത്തിക സര്‍വ്വെ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വിവരങ്ങളും വളര്‍ച്ചയുമെല്ലാം സൂചിപ്പിക്കുന്നതാണ് സാമ്പത്തിക സര്‍വെ.
ബജറ്റ് തയ്യാറാക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ധനമന്ത്രിയുടെ നേതൃത്വത്തില്‍ ബജറ്റ് തയ്യാറാക്കുക. ഇതിന് മുന്നോടിയായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ധനമന്ത്രി ചര്‍ച്ചകള്‍ നടത്തുക പതിവാണ്. ഈ ചര്‍ച്ചകളില്‍ നിന്ന് ലഭിക്കുന്ന ഗുണപരമായ നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കും. ബജറ്റ് രേഖ തയ്യാറാക്കിയാല്‍ അച്ചടിക്കും. അതിന് തൊട്ടുമുമ്പാണ് ഹല്‍വാ സെറിമണി. നോര്‍ത്ത് ബ്ലോക്കില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി എല്ലാ ജീവനക്കാര്‍ക്കും മധുരം നല്‍കുന്നതാണ് ഈ ചടങ്ങ്. ഇതിന് ശേഷം അച്ചടി ആരംഭിക്കും.
ഹല്‍വാ സെറിമണി കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്ക് പുറംലോകവുമായി ബന്ധം പാടില്ല. ബജറ്റ് തയ്യാറാക്കുന്നതില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നോര്‍ത്ത് ബ്ലോക്കില്‍ തന്നെ കഴിയണം. ഫോണ്‍ ചെയ്യാനോ ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ പാടില്ല. അടിയന്തര ആവശ്യമുള്ളവര്‍ക്ക് ലാന്റ് ലൈനില്‍ നിന്ന് ഫോണ്‍ ചെയ്യാം. പക്ഷേ നിരീക്ഷിക്കും. കുടുംബങ്ങളുമായി പോലും ബന്ധം പാടില്ല. ബജറ്റിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാണിത്. അതേസമയം, ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലേക്ക് പോകാന്‍ അനുമതിയുണ്ടാകും.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവ കനത്ത ജാഗ്രതയിലാണ് ബജറ്റ് അവതരണം. ലോക്സഭ, രാജ്യസഭ, സെന്‍ട്രല്‍ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിച്ചായിരിക്കും എംപിമാര്‍ ഇരിക്കുക. സാധാരണ സമ്മേളിക്കും പോലെ മണിക്കൂറുകള്‍ നീളില്ല. രണ്ടു ഘട്ടങ്ങളായിട്ടാണ് ഇത്തവണ ബജറ്റ് സമ്മേളനം. ഫെബ്രുവരിയില്‍ ആദ്യഘട്ടം അവസാനിക്കും. പിന്നീട് മാര്‍ച്ചില്‍ രണ്ടാംഘട്ടം ആരംഭിക്കും.
Post Your Comments