ദോഹ : ഖത്തറിന്റെ കോവിഡ് പ്രതിരോധ ആപ്ലിക്കേഷനായ ഇഹ്തിറാസിന്റെ പേരില്‍ എത്തുന്ന ഫോണ്‍ വിളികളും സന്ദേശങ്ങളും വ്യാജമെന്ന് പൊതുജനാരോഗ്യമന്ത്രാലയം. ഇഹ്തിറാസ് ആപ്പിന് വേണ്ടി വ്യക്തി വിവരങ്ങള്‍ കണ്ടെത്താന്‍ ആരെയും ചുമതലപ്പെടുത്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രാലയത്തില്‍ നിന്നാണെന്നും ആശുപത്രികളില്‍ നിന്നാണെന്നും മറ്റും പറഞ്ഞാണ് ഇത്തരത്തില്‍ കോളുകള്‍ വരുന്നത്. ഇതിനെതിരെ ജാഗരൂകരാകണം. ഇത്തരത്തില്‍ ഒരുതരത്തിലുള്ള വ്യക്തി വിവരങ്ങളും കൈമാറുകയും ചെയ്യരുതെന്നും മന്ത്രാലയം അറിയിപ്പില്‍ പറയുന്നു.
ആപ്പിലൂടെ നോട്ടിഫിക്കേഷനായി ഉപഭോക്താക്കള്‍ക്ക് പ്രത്യേക അറിയിപ്പും ഞായറാഴ്ച ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇഹ്തിറാസിലെ വിവരങ്ങളെല്ലാം സുരക്ഷിതമാണ്. രഹസ്യ സ്വഭാവം കാത്ത് സൂക്ഷിക്കുന്നുമുണ്ട്. മറ്റു വിഭാഗങ്ങളുമായും വകുപ്പുകളുമായും മന്ത്രാലയം ഇക്കാര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്. ഒരാള്‍ക്ക് കോവിഡ് ഉണ്ടോയെന്ന് മറ്റുള്ളവര്‍ക്ക് അറിയാനുള്ള ആപ്പാണ് ഇഹ്തിറാസ്. കോവിഡിന്റെ സമൂഹ വ്യാപനം തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തര്‍ ഭരണകൂടം ആപ്പ് തയാറാക്കിയത്. നിലവില്‍ ഖത്തറില്‍ പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും ഫോണില്‍ ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധമാണ്. ഇതില്‍ പച്ച സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ എവിടെയും പ്രവേശിപ്പിക്കുന്നുള്ളൂ.
ഖത്തറിലെ കോവിഡ്-19 പ്രതിരോധ രംഗത്തെ സുപ്രധാന ചുവടുവെയ്പ്പുകളിലൊന്നാണ് ഇഹ്തിറാസ് ആപ്. ഇഹ്തിറാസ് എന്നാല്‍ ‘കരുതല്‍’ എന്നാണ് അര്‍ഥം. ഇന്‍സ്റ്റാള്‍ ചെയ്യുന്ന മുഴുവന്‍ ആളുകളെയും അവരുടെയും കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഡേറ്റ ബേസ് വഴിയാണ് ഇഹ്തിറാസ് പ്രവര്‍ത്തിക്കുന്നത്. പച്ച നിറം ഉള്ളയാള്‍ ആരോഗ്യവാനാണ്. പോസിറ്റീവ് ആയ ആളുടെ ആപ്പിലെ ബാര്‍കോഡിന്റെ നിറം ചുവപ്പാകും. ഗ്രേയാണ് ഒരാള്‍ക്ക് കിട്ടുന്നതെങ്കില്‍ നമ്മുടെ അടുത്ത് കൂടി പോയ ഏതോ ഒരാള്‍ കോവിഡ് പോസിറ്റീവാണ് എന്നാണര്‍ഥം.
Post Your Comments