ലാഹോര്‍ : പുനരുദ്ധാരണം നടന്നു കൊണ്ടിരുന്ന നൂറ്റാണ്ടിലേറെ പഴക്കമുളള ക്ഷേത്രം അക്രമികള്‍ തകര്‍ത്തു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ കരക് ജില്ലയിലാണ് സംഭവം. ഒരു സന്യാസിവര്യന്റെ സമാധി സ്ഥലമാണ് തകര്‍ക്കപ്പെട്ട ആരാധനാലയം. എല്ലാ വ്യാഴാഴ്ചയും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങളെത്തി ഇവിടെ ആരാധന നടത്താറുണ്ടായിരുന്നു.
ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ പഴയ ഭാഗങ്ങളോട് ചേര്‍ന്നുളള സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുകയായിരുന്നു. ഇതിനെതിരെ ജാമിയത് ഉലേമ-ഇ-ഇസ്ലാം-എഫ് എന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി സ്ഥലത്ത് സമരം നടത്തി. പ്രതിഷേധത്തിനിടെ നേതാക്കള്‍ നടത്തിയ പ്രസംഗം കേട്ട് ആക്രമാസക്തരായ കുറച്ച് പേര്‍ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന ഭാഗത്ത് തീയിടുകയും പഴയ ഭാഗങ്ങള്‍ തല്ലി തകര്‍ക്കുകയുമായിരുന്നു. ഇതോടെ നിമിഷ നേരം കൊണ്ട് ക്ഷേത്രം നിലം പൊത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് അക്രമികളെ ഒഴിപ്പിച്ചത്.
ക്ഷേത്രം തകര്‍ത്തത് സാമൂഹ്യവിരുദ്ധരാണെന്നും പാര്‍ട്ടിക്ക് അതില്‍ ഒരു പങ്കുമില്ലെന്നും ജെ.യു.ഐ.എഫ് നേതാവ് അമീര്‍ മൗലാന അതാ ഉര്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സമാധാനപരമായി ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി മഹ്മൂദ് ഖാന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments