ന്യൂഡല്‍ഹി : ദേഹപരിശോധനയുടെ പേരില്‍ വിദേശ വനിതകളെ ലൈംഗികമായി ഉപദ്രവിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന് നിര്‍ബന്ധിത വിരമിയ്ക്കല്‍ നല്‍കി. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് ദേവേന്ദ്ര കുമാര്‍ ഹൂഡയ്ക്കാണ് നിര്‍ബന്ധിത വിരമിയ്ക്കല്‍ നല്‍കിയത്. ഏവിയേഷന്‍ ഇന്റലിജന്‍സ് യൂണിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ യുവതികളെ പീഡിപ്പിച്ചത്. ഏവിയേഷന്‍ ഇന്റലിജന്‍സ് യൂണിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി ലൈംഗിക ഉപദ്രവത്തിന് ഇരയായ യുവതികളുടെ മൊഴിയെടുത്തിരുന്നു. പരിശോധനാ മുറിയില്‍ വച്ച് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായാണ് യുവതികള്‍ മൊഴി നല്‍കിയത്. മെയ് രണ്ടിനു രാത്രിയില്‍ ഉസ്ബക്കിസ്ഥാനില്‍ നിന്നു വന്ന യുവതികളെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉപദ്രവിച്ചത്.
രണ്ടു യുവതികളെയും വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ഇയാള്‍ പരിശോധനാ മുറിയിലേക്കു കൊണ്ടു പോവുകയായിരുന്നു. ആദ്യത്തെ യുവതിയെ ഒരു മണിക്കൂറിനു ശേഷവും അടുത്തയാളെ അര മണിക്കൂറിനു ശേഷവും പോവാന്‍ അനുവദിച്ചു. തുടര്‍ന്ന് ഇവരില്‍ നിന്നു യാതൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
Post Your Comments