തിരുവനന്തപുരം: കാരക്കോണത്ത് ശാഖയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. അരുണിന്റെ ഇടപെടലുകളിൽ സംശയം തോന്നുന്നുവെന്നും എപ്പോഴും വഴക്കിടാറുണ്ടെന്നും ശാഖ കൂട്ടുകാരിയോട് പറഞ്ഞിരുന്നു. അരുൺ മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ശാഖ സുഹൃത്തിനോട് പറഞ്ഞിട്ടുണ്ട്. ശാഖയ്ക്ക് പത്തേക്കറോളം ഭൂമിയും ആഢംബര വീടും ഉണ്ട്. വിവാഹത്തിന് മുൻപ് 5 ലക്ഷത്തോളം രൂപയും കാറും അരുണിന് ശാഖ നൽകിയിരുന്നു.
ഇതോടൊപ്പം റബർ മരം ലീസിന് കൊടുത്തപ്പോൾ ലഭിച്ച 20 ലക്ഷം രൂപയിൽ 10 ലക്ഷത്തോളം രൂപയും അരുൺ വാങ്ങിച്ചെടുത്തിരുന്നു. സ്ത്രീധനമായി 100 പവനും 50 ലക്ഷം രൂപയുമായിരുന്നു ഇയാൾ ആവശ്യപ്പെട്ടിരുന്നത്.
വിവാഹ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിനെ ചൊല്ലി ശാഖയും അരുണും പതിവായി വഴക്കിടുമായിരുന്നു. ഭാര്യയ്ക്ക് പ്രായം കൂടുതലായതിനാൽ ചിത്രം കണ്ട് കൂട്ടുകാർ കളിയാക്കുമെന്നായിരുന്നു അരുൺ പറഞ്ഞിരുന്നത്.
read also: ഒട്ടും വിട്ടുവീഴ്ചയില്ല, കാർഷിക നിയമം പിൻവലിക്കണമെന്ന കർഷകരുടെ വ്യവസ്ഥ നിരാകരിച്ച് കേന്ദ്രം
ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനായി അരുൺ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തിൽ നിന്ന് ഷോക്കേറ്റെന്നായിരുന്നു അരുണിന്റെ മൊഴി. എന്നാൽ സമീപവാസികളും മറ്റുള്ളവരും മരണത്തിൽ സംശയമുന്നയിച്ചതോടെ പോലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് മണിക്കൂറുകളോളം ഇയാളെ ചോദ്യംചെയ്തതിനൊടുവിലാണ് ശാഖയെ മനപൂർവ്വം ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. കൂടാതെ വീട്ടിലെ കാര്യസ്ഥനും ഹോം നേഴ്‌സും അരുണിനെതിരെ മൊഴി നൽകിയിരുന്നു.
Post Your Comments