Latest NewsKeralaNews

“ഇനിയെങ്കിലും തലചായ്ക്കാനൊരു കൂര പണിതു തരാൻ ദയവുണ്ടാകുമോ”.; മുഖ്യമന്ത്രിക്ക് കത്തുമായി തൃശൂരിലെ ജനങ്ങൾ

തൃശൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തില്‍ മതമേലധ്യക്ഷന്‍മാരെയും വ്യവസായികളെയും ഉള്‍പ്പെടുത്തി മാധ്യമങ്ങളെയും ജനങ്ങളെയും പൂര്‍ണ്ണമായും മാറ്റിനിര്‍ത്തുന്നുവെന്ന് ആക്ഷേപം ഉയരുകയാണ്.ഇതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി എത്തിയിരിക്കുകയാണ് തൃശൂരിലെ ജനങ്ങൾ.

കത്തിന്റെ പൂർണ്ണരൂപം കാണാം :

2018ല്‍ ഉണ്ടായ മഹാപ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് ദുരിതത്തിലായവരാണ് ഞങ്ങള്‍. ഇന്നും പലരും ക്യാമ്ബുകളിലും ബന്ധുവീടുകളിലുമാണ്. ഞങ്ങള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞ് പണി തുടങ്ങിയ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണ ഫണ്ടില്‍ നിന്ന് അങ്ങയുടെ സെക്രട്ടറിയും കൂട്ടരും തന്നെ കോടികള്‍ അടിച്ചുമാറ്റിയത് അറിഞ്ഞു കാണുമല്ലോ. മതിയായ അളവില്‍ സിമന്റും കമ്ബിയും ഉപയോഗിക്കാതെ പാലാരിവട്ടം പാലം മാതൃകയില്‍ പണിത, അപകട ഭീതിയുണര്‍ത്തുന്ന ആ ഫ്‌ളാറ്റ് സമുച്ചയം ഇക്കുറി അങ്ങ് സന്ദര്‍ശിക്കുമോ. ഇനിയെങ്കിലും തലചായ്ക്കാനൊരു കൂര പണിതു തരാന്‍ ദയവുണ്ടാകുമോ.

നാലര വര്‍ഷം മുന്‍പ് അങ്ങയുടെ പാര്‍ട്ടി തെരഞ്ഞെടുപ്പ് വേളയില്‍ വലിയ വാഗ്ദാനങ്ങളാണ് നല്കിയത്. ഓര്‍മ്മകാണുമല്ലോ. തൃശൂരിലെ കോള്‍ നിലങ്ങളെപ്പറ്റി. അന്ന് പറഞ്ഞ പോലെ കുട്ടനാട് മാതൃകയില്‍ വമ്ബന്‍ പദ്ധതികളൊന്നും വേണ്ട. സമയത്ത് കൃഷിയിറക്കാനും വിളവെടുക്കാനും സംവിധാനമൊരുക്കാന്‍ പോലും കഴിയാത്തതെന്തേയെന്ന് ചോദിച്ചിട്ട് കാര്യമില്ലെന്നറിയാം. കഴിഞ്ഞ മൂന്ന് വര്‍ഷമായി കോള്‍പ്പാടത്ത് കര്‍ഷകന്റെ കണ്ണുനീര്‍ പ്രളയമാണ്. ഒന്നുകില്‍ കടുത്ത വരള്‍ച്ച, അല്ലെങ്കില്‍ വെള്ളക്കെട്ട്.

ചെമ്ബൂച്ചിറ സര്‍ക്കാര്‍ സ്‌കൂള്‍ അങ്ങ് തീര്‍ച്ചയായും സന്ദര്‍ശിക്കണം. അങ്ങയുടെ സര്‍ക്കാര്‍ കിഫ്ബി വഴി വികസനം കൊണ്ടുവന്ന സ്‌കൂളാണ്. അതും വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍. വിരലുകൊണ്ട് തൊട്ടാല്‍ പൊടിഞ്ഞുവീഴുന്ന വിചിത്രതരം നിര്‍മാണമാണ് ഇവിടെ നടന്നിട്ടുള്ളത്. നൂറുകണക്കിന് കുട്ടികള്‍ എന്ത് വിശ്വസിച്ചാണ് ഇവിടെയിരുന്ന് പഠിക്കുക എന്ന് അങ്ങ് പൗരപ്രമുഖരെ കാണുമ്ബോള്‍ പറയണം. ഞങ്ങള്‍ തീരദേശത്തുകാര്‍ക്ക് ഇപ്പോള്‍ മഴക്കാറ് കണ്ടാല്‍ പേടിയാണ്. ജൂണിലും ജൂലൈയിലും നൂറുകണക്കിന് വീടുകളിലാണ് കടല്‍ കയറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും നിങ്ങളുടെ പാര്‍ട്ടിക്കാര്‍ കടല്‍ഭിത്തി കെട്ടുന്ന കാര്യം പറഞ്ഞിരുന്നു. മറക്കാതെ അടുത്ത തെരഞ്ഞെടുപ്പിലും പറയുമായിരിക്കുമല്ലോ.

ഞങ്ങള്‍ മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്ക് പിന്നെ നരകത്തെപ്പറ്റി പ്രത്യേകം പറഞ്ഞു തരേണ്ട. പ്രത്യകിച്ച്‌ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക്. റേഡിയേഷന്‍ തെറാപ്പിക്കുള്ള മെഷീന്‍ പ്രവര്‍ത്തിക്കുമോയെന്നറിയാന്‍ ജ്യോതിഷം നോക്കേണ്ടിവരും. ഡയാലിസിസ് സംവിധാനം പേരിന് മാത്രമാണ്. നൂറുകണക്കിന് രോഗികളെത്തുന്ന ഈ മെഡിക്കല്‍ കോളേജില്‍ ഒരു ഡയാലിസിസ് മെഷീന്‍ മാത്രമാണുള്ളത്.

ജില്ലയില്‍ വ്യവസായ-കാര്‍ഷിക മേഖല പാടെ തകര്‍ച്ചയിലാണ്. അളഗപ്പ ടെക്‌സറ്റയില്‍ മില്ലില്‍ 1000-ലേറെ തൊഴിലാളികളും ലക്ഷ്മി മില്ലില്‍ 865 തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. ഒരു വര്‍ഷത്തോളമായി ഇരു മില്ലുകളിലും ഉത്പാദനം വളരെ കുറവാണ്. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമമാണ് മില്ലുകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. പഞ്ഞിയുടെ ലഭ്യത കുറവ് കൂടാതെ കനത്ത വൈദ്യുതി ബില്ലും മില്ലുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു.

ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതി ബില്ലാണ് ഓരോ മാസവും അടയ്‌ക്കേണ്ടി വരുന്നത്. പല മാസങ്ങളിലും വൈദ്യുതി ബില്‍ കുടിശികയാകാറുണ്ട്.

സീതാറാം മില്‍, വിരുപ്പാക്ക സ്പിന്നിങ് മില്‍ എന്നിവിടങ്ങളിലും മാസങ്ങളായി ഉത്പാദനം കുറവാണ്. ബദലിക്കാരുള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലാളികള്‍ രണ്ടു മില്ലുകളിലുമായി ജോലി ചെയ്യുന്നുണ്ട്. ആഴ്ചയില്‍ രണ്ടോ, മൂന്നോ ദിവസമാണ് പണി ലഭിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാത്തതിനാല്‍ പേരാമ്ബ്ര അപ്പോളോ ടയേഴ്‌സ് മാസങ്ങളായി ഉത്പാദനം കുറച്ചു. മില്ലുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും വ്യവസായ വളര്‍ച്ചയ്ക്കായും അങ്ങയുടെ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല.

കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച തടയുന്നതിനും വിപണി ഉറപ്പ് വരുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ലെന്ന് അങ്ങേക്കറിയാമല്ലോ. ദല്‍ഹിയിലെ കര്‍ഷകസമരത്തിന്റെ പേരില്‍ പ്രമേയം പാസാക്കാനൊരുങ്ങുന്നതിന്റെ മുന്‍പ് ഇവിടത്തെ കര്‍ഷകരുടെ അവസ്ഥയെന്തെന്ന് അങ്ങ് അന്വേഷിക്കുമോ. നേന്ത്രക്കായ് 20 രൂപയ്ക്കാണ് ഞങ്ങള്‍ ഇപ്പോള്‍ വിറ്റഴിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് ഇടത്തട്ടുകാര്‍ കമ്മീഷന്‍ പറ്റി കൊണ്ടുവരുന്ന പച്ചക്കറിക്ക് തീവിലയാണെങ്കിലും ഇവിടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഒന്നിനും വില കിട്ടുന്നില്ലെന്ന് അങ്ങേക്കറിയാമല്ലോ.

പ്രകൃതിക്ഷോഭം, വന്യജീവികളുടെ ആക്രമണം എന്നിവ മൂലമൂണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുന്ന വിള ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തതിനാല്‍ പദ്ധതിയുടെ ഗുണം കര്‍ഷര്‍ക്ക് ലഭിച്ചിട്ടില്ല. മത മേലധ്യക്ഷന്മാരും വന്‍കിട വ്യവസായികളും ഉള്‍പ്പെടുന്ന പൗരപ്രമുഖരുമായി സംസാരിക്കുമ്ബോള്‍ ഞങ്ങളെ ഓര്‍മ്മിക്കാന്‍ സമയം കാണില്ലെന്നറിയാം. ഇത്രയും പറഞ്ഞ് ബുദ്ധി മുട്ടിച്ചതില്‍ ക്ഷമിക്കണം…

എന്ന്

(ഒപ്പ്)

തൃശൂരിലെ സാധാരണക്കാരായ ജനങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button