കൊച്ചി: മഹാരാജാസിന്റെ മണ്ണിൽ രക്തസാക്ഷിയായ അഭിമന്യുവിന് എറണാകുളത്ത് സ്‌മാരകം. പഠനത്തിനും തൊഴിൽ പരിശീലനത്തിനുമുള്ള കേന്ദ്രമായി മാറുന്ന സ. അഭിമന്യു സ്‌മാരക മന്ദിരം കലൂരിൽ 29ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. വിപുലമായ ലൈബ്രറി, സർക്കാർ ഏജൻസികളുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് ആധുനിക കോഴ്‌സുകളിൽ ഹ്രസ്വകാല പരിശീലനങ്ങൾ, മത്സര പരീക്ഷകൾക്കു സഹായകമായ പരിശീലനം, മത്സര പരീക്ഷകൾക്കും തൊഴിൽ പരിശീലനത്തിനും എത്തുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം എന്നിവ അഭിമന്യു സ്‌മാരകമന്ദിരത്തിൽ ഉണ്ടാകും.
Read Also: കോവിഡ് വാക്സിൻ ഹലാൽ; മുസ്ലിങ്ങൾക്ക് ഉപയോഗിക്കാമെന്ന് യുഎഇ
എന്നാൽ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളിൽ നിന്നു സമാഹരിച്ച രണ്ടേമുക്കാൽ കോടി രൂപ ഉപയോഗിച്ച് ആറര സെന്റ് സ്ഥലത്താണ് സ്‌മാരകമന്ദിരം നിർമിച്ചതെന്ന് പാർട്ടി ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു. മഹാരാജാസ് കോളേജ് വിദ്യാർഥിയായിരിക്കെ 2018 ജൂലൈ രണ്ടിനാണ് അഭിമന്യു, ക്യാമ്പസ് ഫ്രണ്ട് – എസ് ഡി പി ഐ വർഗീയവാദികളുടെ കൊലക്കത്തിക്ക് ഇരയായത്. സ്‌മാരക മന്ദിരത്തിന് 2019 ജൂലൈ രണ്ടിന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ശിലയിട്ടു.
ഉദ്‌ഘാടനച്ചടങ്ങിൽ അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും ഭൂപതിയും, സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ, വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ, പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ്, മന്ത്രി എം എം മണി, പ്രൊഫ. എം കെ സാനു, സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു എന്നിവരും പങ്കെടുക്കും.
Post Your Comments