കൊൽക്കത്ത: ഒരു കാലത്ത് എകാധിപതികളെപ്പോലെ ബംഗാൾ ഭരിച്ചിരുന്ന ഇടത് പക്ഷത്തിന് തിരിച്ചടിയായി സി.പി.എം, സി.പി.ഐ.എം. എൽ.എമാർ ബി.ജെ.പിയിൽ. സി.പി.എമ്മിന്റെ ഹാല്‍ദിയ എംഎല്‍എ തപസി മൊണ്ഡല്‍, തംലൂക്കിൽ നിന്നും വിജയിച്ച സി പി ഐ യുടെ ഏക എം.എൽ.എയായ അശോക് ദിൻഡ എന്നിവരാണ് പാർട്ടി പ്രാഥമിക അംഗത്വം രാജിവച്ച് ബി.ജെ.പിയിൽ ചേർന്നത്. ഇതോടെ ഇന്ത്യയിൽ ആദ്യം രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഒരുകാലത്ത് തങ്ങളുടെ ശക്തികേന്ദ്രമായ ബംഗാളിൽ സംപൂജ്യരായി.
നിലവിലുള്ള എം.എല്‍.എ പദവി രാജിവെക്കാതെ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹബീബ്പൂര്‍ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ മത്സരിക്കുകയും ബിജെ.പി യിൽ ചേരുകയും ചെയ്ത എം.എൽ.എയും സി.പി.എം സെക്രട്ടറിയേറ്റ് അംഗവും ആള്‍ ഇന്ത്യാ കിസാന്‍ സഭാ അംഗവുമായിരുന്ന ഖൊഖന്‍ മുർമ്മുവിന് പിന്നാലെയാണ് രണ്ട് എം.എൽ.എ മാർ കൂടി ഇടത് ചേരിയിൽ നിന്നും മാറി ബി.ജെ.പി യിൽ ചേർന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് മുന്നണിയുണ്ടാക്കി മത്സരിക്കുന്ന ഇടത് പാർട്ടികൾക്ക് തിരഞ്ഞെടുപ്പിന് മുമ്പേ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയായപ്പോൾ ഇത്തവണ ചങ്കിടിപ്പ് കൂടുന്നത് മമതാ ബാനർജിക്കും തൃണമൂൽ നേതാക്കൾക്കുമാണ്. മമതാ ബാനർജിയുടെ വലംകയ്യും മുൻ മന്ത്രിയുമായിരുന്ന സുവേന്ദ് അധികാരിയും പൂർബ ബർദമാനിൽ നിന്നുള്ള എംപി സുനിൽ മൊണ്ടാൽ മുൻ എംപി ദസരത്ത് ടർക്കിയും 6 സിറ്റിംഗ് എംഎൽഎ മാരും ബി.ജെ.പിയിൽ ചേർന്നത് തൃണമൂൽ ക്യാംപിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നു.
ഇടത് പാർട്ടി അണികളേയും ലോക്കൽ നേതാക്കളെയും കൂട്ടത്തോടെ തങ്ങളുടെ ക്യാംപിൽ എത്തിച്ച ശേഷമായിരുന്നു ബംഗാളിൽ സംസ്ഥാന നേതാക്കളെ ലക്ഷ്യം വെച്ചത് എങ്കിൽ അതിന്റെ റിവേഴ്സ് ഓർഡർ തന്ത്രമാണ് തൃണമൂലിനെതിരെ ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പുറത്തിറക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇനിയും തങ്ങളുടെ ക്യാംപിൽ നിന്നും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചോർച്ചയുണ്ടാവും, അത് നിയമസഭാ തിരഞ്ഞെടുപ്പിൽ ക്ഷീണമുണ്ടാക്കും എന്ന ഭയപ്പാടിലാണ് തൃണമൂൽ കോൺഗ്രസ്.
തൃണമൂൽ കോൺഗ്രസ് -6 ,സി.പി.ഐ (എം)-1, സി.പി.ഐ – 1, കോൺഗ്രസ് 1 എന്നീ പാർട്ടികളിലെ ഒൻപത് സിറ്റിംഗ് എം.എൽ.എമാരും തൃണമൂൽ കോൺഗ്രസിൻ്റെ ഒരു സിറ്റിംഗ് എം പിയുമാണ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായിൽ നിന്നും കഴിഞ്ഞ ദിവസം അംഗത്വം സ്വീകരിച്ചത്.
Also Read:പിണാറായി വിജയന്‍റേത് അന്ന് ഗുജറാത്തില്‍ അമിത് ഷാ പ്രയോഗിച്ച അതേ തന്ത്രം ; വിമർശനവുമായി പികെ ഫിറോസ്
സംസ്ഥാനത്ത് ഏറ്റുമധികം സ്വാധീനമുള്ള നേതാവായ നന്ദിഗ്രാം എം.എൽ.എ സുവേന്ദു അധികാരിയോടൊപ്പം എംഎൽഎമാരായ ബനശ്രീ മൈത്തി (കാന്തി നോർത്ത്), ശീൽഭദ്ര ദത്ത (ബാരക്ക്പുർ), ബിശ്വജിത് കുണ്ഡു (കൽന), സുക്ര മുണ്ഡ (നഗ്രകട), സൈകത് പഞ്ജ (മോണ്ഡേശ്വർ) എന്നീ തൃണമൂൽ എം.എൽ.എമാരും ,സി പിം എം എൽ എ യായ തപസി മൊണ്ഡാൽ ( ഹാൽദിയ) സി.പി.ഐ എം.എൽ.എ അശോക് ദിൻഡ (തംലൂക്ക്),കോൺഗ്രസ് എം.എൽ.എ സുദീപ് മുഖർജി (പുരലിയ)എന്നിവരാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്ന ബംഗാൾ നിയമസഭാ അംഗങ്ങൾ.
ബംഗാളിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നും ബി.ജെ.പിയിലേക്കുള്ള അണികളുടേയും നേതാക്കളുടേയും ഒഴുക്കിന് പിന്നാലെ ബീഹാറിലടക്കം കോൺഗ്രസും സി.പി.എമ്മുമായി ചേർന്ന് മത്സരിച്ച സി.പി.ഐ (എം.എൽ) ഉം ബംഗാളിൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളിൽ നിലനിൽക്കുന്ന വിദ്വേഷവും വിശ്വാസമില്ലായ്മയും അഭിപ്രായ ഭിന്നതയും അണികളുടേയും നേതാക്കളുടെയും ഒഴുക്കും മുതലാക്കി പ്രതിപക്ഷ പാർട്ടികളെയെല്ലാം അപ്രസക്തമാക്കി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാവുമെന്നാണ് ബി.ജെപിയുടെ കണക്കുകൂട്ടൽ.
Leave a Comment